നീറ്റ് സൂപ്പര്‍ സ്‌പെഷാലിറ്റി കോഴ്‌സുകളിലെ പ്രവേശനത്തിന് കട്ട് ഓഫ് മാര്‍ക്ക് കുറയ്ക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീംകോടതി.
ഒഴിവുള്ള സീറ്റുകളുടെ കൗണ്‍സലിംഗ് നടത്തുന്നതിന് മതിയായ അപേക്ഷകര്‍ ഉണ്ടായിരുന്നെങ്കിലും മെറിറ്റില്‍ വിട്ടുവീഴ്ച ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് കട്ട് ഓഫ് മാര്‍ക്ക് കുറയ്ക്കാത്തത്.
രോഗികളുടെ ജീവന്‍ കൈകാര്യം ചെയ്യുന്ന ഡോക്ടര്‍മാരുടെ മെറിറ്റ് അവഗണിക്കാനാകില്ല. കട്ട് ഓഫ് മാര്‍ക്ക് കുറയ്‌ക്കേണ്ടതില്ലെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം ഏകപക്ഷീയമാണെന്ന് കണക്കാക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
കഴിഞ്ഞ അധ്യയന (2021-22) വര്‍ഷത്തില്‍ സൂപ്പര്‍ സ്്‌പെഷാലിറ്റി കോഴ്‌സുകളില്‍ ഏകദേശം 940 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതായും സീറ്റുകള്‍ നികത്തിയില്ലെങ്കില്‍ അതു ദേശീയവിഭവങ്ങള്‍ പാഴാക്കുന്നതിനു തുല്യമാണെന്നുമാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി. എസ്. പട്വാലിയ വാദിച്ചത്.