ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ (പി. എം. ഒ.) നിന്നുള്ള രഹസ്യരേഖകൾ ചോർന്നതുമായി ബന്ധപ്പെട്ട് പ്രതികളെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായി റിഷോൺ ലെസിയോൺ മജിസ്ട്രേറ്റ് കോടതി അറിയിച്ചു.
തന്ത്രപ്രധാനമായ വിവരങ്ങൾ വെളിപ്പെടുത്തുകയും ഗാസയിലെ യുദ്ധലക്ഷ്യങ്ങളുടെ നേട്ടത്തിന് ദോഷം വരുത്തുകയും ചെയ്തുവെന്ന കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ആഭ്യന്തര സുരക്ഷാസംവിധാനമായ ഷിൻ ബെറ്റും പൊലീസും ഇസ്രായേൽ സൈന്യവും സംയുക്തമായി നടത്തിയ അന്വേഷണത്തിനുശേഷമാണ് അറസ്റ്റുകൾ രേഖപ്പെടുത്തിയത്. അറസ്റ്റിലായ ആരും പ്രധാനമന്ത്രിയുടെ ഓഫീസിൽ ഔദ്യോഗികമായി ജോലിചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.
എന്നാൽ, അറസ്റ്റിലായവരിൽ ഒരാൾ പ്രധാനമന്ത്രിയുടെ ഓഫീസിൽ ജോലിചെയ്തിരുന്ന ഒരു വക്താവാണെന്ന് മാധ്യമറിപ്പോർട്ടുകൾ പറയുന്നു. പക്ഷെ, പി. എം. ഒ. യുടെ ഔദ്യോഗിക ജീവനക്കാരനല്ല. സുരക്ഷാ ക്ലിയറൻസ് പൂർത്തിയാകാത്ത ഇയാൾ നെതന്യാഹുവിനൊപ്പം ഹകിര്യ സൈനികതാവളത്തിലും ക്ലാസിഫൈഡ് സൈനികയൂണിറ്റുകളിലും എത്തുകയും രാഷ്ട്രീയ-സുരക്ഷാ കാബിനറ്റിന്റെയും സെൻസിറ്റീവ് ചർച്ചകളുടെ ട്രാൻസ്ക്രിപ്റ്റുകളും മറ്റും അദ്ദേഹത്തിന്റെ കൈകളിൽ എത്തുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.