പാക്കിസ്ഥാനെ സംബന്ധിച്ച് കാര്യങ്ങള്‍ അക്കരെപ്പച്ചയല്ലെന്ന് വിഭജനം മുതലുള്ള ഇന്ത്യയുടെ ചരിത്രത്തില്‍ നിന്ന് മൗലിക ചിന്തകളുള്ള മുസ്ലിംകള്‍ തിരിച്ചറിയണമെന്ന് കേരള ഹൈക്കോടതിയുടെ ഓര്‍മ്മപ്പെടുത്തല്‍. കശ്മീരിലെ തീവ്രവാദ റിക്രൂട്ട്മെന്റ് കേസിലെ പ്രതിയുടെ ശിക്ഷ ശരിവച്ചുകൊണ്ടുള്ള വിധിന്യായത്തിലാണ് കേരള ഹൈക്കോടതി ഈയൊരു പരാമര്‍ശം നടത്തിയത്.
വിഭജനത്തിന് ശേഷം പാകിസ്ഥാനുമായുള്ള സംഘര്‍ഷങ്ങളില്‍ ഹിന്ദു ഭൂരിപക്ഷ ഇന്ത്യയില്‍ മുസ്ലീങ്ങളെ ബന്ദികളാക്കിയ ഒരു സംഭവം പോലും ഉണ്ടായിട്ടില്ലെന്നും ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രനും സി ജയചന്ദ്രനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
തീവ്രവാദ സംഘടനയായ ലഷ്‌കറെ തൊയ്ബയുടെ (എല്‍ഇടി) കേരള കമാന്‍ഡറെന്ന് ആരോപിക്കപ്പെടുന്ന തടിയന്റവിട നസീര്‍ ഉള്‍പ്പെടെ, തീവ്രവാദ റിക്രൂട്ട്മെന്റ് കേസിലെ മൂന്ന് പ്രതികള്‍ ഒഴികെയുള്ള എല്ലാവരുടെയും ജീവപര്യന്തം കോടതി ശരിവച്ചു.
”ഇത്തരം തീവ്രചിന്തകള്‍ ഉള്ളവരോട്, ഞങ്ങള്‍ക്ക് ഇത് മാത്രമേ പറയാന്‍ കഴിയൂ, നിങ്ങള്‍ ചരിത്രം പരിശോധിച്ചാല്‍ മനസിലാകും എപ്പോഴും അക്കരെപ്പച്ചയല്ലെന്ന്’. തീവ്രവാദികളായ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ രാജ്യമെമ്പാടും സഞ്ചരിച്ച് നടത്തിയ മഹത്തായ പ്രവര്‍ത്തനത്തിന് എന്‍ഐഎയെയും കേരള പോലീസിനെയും അഭിനന്ദിച്ചുകൊണ്ട് കോടതി പറഞ്ഞു,
ലാറി കോളിന്‍സിന്റെയും ഡൊമിനിക് ലാപിയറിന്റെയും ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ എന്ന പുസ്തകത്തിന്റെ അഞ്ചാം അദ്ധ്യായം ഉദ്ധരിച്ചുകൊണ്ട്, വിഭജനത്തെക്കുറിച്ചുള്ള അധ്യായത്തില്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ ‘ഹിന്ദു കടലിലെ ദ്വീപുകളാകുമെന്ന്’ എഴുത്തുകാര്‍ പറഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി.
2008-ല്‍ കേരളത്തില്‍ നിന്ന് മതപഠന ക്ലാസുകളുടെ പേരില്‍ പുരുഷന്മാരെ റിക്രൂട്ട് ചെയ്തതായും ാകിസ്താനിലേക്ക് ആയുധപരിശീലനം നടത്തി, ഇന്ത്യയിലേക്ക് തിരിച്ചുവരാനും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താനുമായിരുന്നു പദ്ധതിയെന്നാണ് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നത്. ഇത്തരത്തില്‍ തിരിച്ചെത്തിയ മൂന്നു യുവാക്കള്‍ കശ്മീരില്‍ ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മരിക്കുകയും റിക്രൂട്ട് ചെയ്യപ്പെട്ടവരില്‍ ഒരാള്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു.
”മനുഷ്യസഹോദരന്മാരെയും സഹപൗരന്മാരെയും കൊന്നൊടുക്കി മാത്രം നേടുന്ന സ്വര്‍ഗീയ സുഖങ്ങളില്‍ ആകൃഷ്ടരായി, അഞ്ച് യുവാക്കള്‍ ‘ഭൂമിയിലെ സ്വര്‍ഗത്തിലേക്ക്’, കാശ്മീരിലേയ്ക്ക്, യാത്ര ചെയ്തു, മരണത്തെ ആശ്ലേഷിക്കാന്‍. മരിച്ചവര്‍ ഇപ്പോള്‍ അവ്യക്തമായ പറുദീസയുടെ സുഖം ആസ്വദിക്കുന്നുണ്ടോ എന്നത് ഒരു പ്രധാന ചോദ്യമാണ്, പക്ഷേ അവര്‍ തീര്‍ച്ചയായും അവരുടെ കുടുംബങ്ങള്‍ക്ക് നാണക്കേടിനൊപ്പം ഒരു യഥാര്‍ത്ഥ നരകം സൃഷ്ടിച്ചു’. ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ രചിച്ച വിധിന്യായത്തില്‍, ആദ്യ ഖണ്ഡികയില്‍ കോടതി പറഞ്ഞു,