Friday, January 31, 2025

യുക്രൈനെതിരെ വിജയം കൈവരിക്കുംവരെ റഷ്യയ്‌ക്കൊപ്പം നിൽക്കുമെന്ന് ഉത്തര കൊറിയ

യുക്രൈൻ യുദ്ധത്തിൽ വിജയം കൈവരിക്കുന്നതുവരെ ഉത്തര കൊറിയ റഷ്യയെ പിന്തുണയ്ക്കുമെന്ന് വിദേശകാര്യമന്ത്രി ചോ സൺ ഹുയി മോസ്കോയിൽ പറഞ്ഞു. ഇതിനോടകം ആയിരക്കണക്കിന് ഉത്തര കൊറിയൻ സൈനികർ റഷ്യയോടൊപ്പം യുദ്ധത്തിൽ ചേരാൻ യുക്രൈൻ അതിർത്തിയിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. ഇവരെ ഉടൻ റഷ്യ യുദ്ധത്തിനു വിന്യസിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവുമായി വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ, യു. എസും ദക്ഷിണ കൊറിയയും ഉത്തര കൊറിയയ്‌ക്കെതിരെ ആണവാക്രമണം നടത്താൻ പദ്ധതിയിടുന്നതായും ചോ ആരോപിച്ചു.

പുടിന്റെ നേതൃത്വത്തിൽ റഷ്യൻ സൈന്യവും ജനങ്ങളും തങ്ങളുടെ രാജ്യത്തിന്റെ അവകാശങ്ങളും സുരക്ഷാതാൽപര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള അവരുടെ പോരാട്ടത്തിൽ വിജയം കൈവരിക്കുമെന്ന് ഉത്തര കൊറിയയ്ക്ക് സംശയമില്ലെന്ന് ചോ പറഞ്ഞു. വിജയംവരെ തങ്ങൾ റഷ്യക്കൊപ്പം ഉറച്ചുനിൽക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

ഇരുരാജ്യങ്ങളിലെയും സൈന്യങ്ങൾ തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ചു സംസാരിച്ച ലാവ്‌റോവ്, പ്രധാനപ്പെട്ട സുരക്ഷാചുമതലകൾ ഒരുമിച്ചു നിർവഹിക്കാൻ ഇത് അവരെ പ്രാപ്തരാക്കുമെന്നു പറഞ്ഞു. അതേസമയം, യുക്രൈനിൽ യുദ്ധം ചെയ്യാൻ ഉത്തര കൊറിയ ഏകദേശം 10,000 സൈനികരെ റഷ്യയിലേക്ക് വിന്യസിച്ചുവെന്ന മറ്റ് രാഷ്ട്രനേതാക്കന്മാരുടെ പ്രസ്താവനയോട് ഇരുവരും പ്രതികരിച്ചില്ല.

Latest News