ഇതിഹാസ സംഗീതഞ്ജന്‍ പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ അന്തരിച്ചു. 84 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. സന്തൂറിനെ ജനകീയമാക്കിയ കലാകാരനാണ് ജമ്മു സ്വദേശിയായ ശിവ്കുമാര്‍.
പ്രശസ്ത സംഗീതഞ്ജനായ ഉമ ദത്തശര്‍മ്മയുടെ മകനായ ശിവ്കുമാര്‍ അഞ്ചാം വയസ്സു മുതല്‍ അച്ഛനില്‍ നിന്നും ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചുതുടങ്ങി. സന്തൂറിന്റെ ബാലപാഠങ്ങള്‍ മകന് പറഞ്ഞുകൊടുത്തതും ഉമ ദത്തശര്‍മ്മയായിരുന്നു. സന്തൂര്‍ എന്ന ഉപകരണത്തില്‍ ഗാഢമായി ഗവേഷണം നടത്തിയ ഉമാദത്ത് തന്റെ മകനാവണം ആ ഉപകരണത്തില്‍ ഇന്ത്യന്‍ ശാസ്ത്രീയസംഗീതം ആദ്യമായി വായിക്കുന്നതെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ശിവ്കുമാര്‍ പതിമൂന്നാം വയസ്സില്‍ സന്തൂര്‍ അഭ്യസിച്ചുതുടങ്ങുന്നത്. 1965ല്‍ തന്റെ പിതാവിന്റെ സ്വപ്നം സഫലമാക്കി കൊണ്ട് ശിവകുമാര്‍ മുംബൈയില്‍ ആദ്യമായി കച്ചേരി നടത്തി.
ഹരിപ്രസാദ് ചൗരസ്യയ്‌ക്കൊപ്പം ചേര്‍ന്ന് ശിവ്കുമാര്‍ നിരവധി ഹിന്ദി ചിത്രങ്ങള്‍ക്കു വേണ്ടി മ്യൂസിക് ഒരുക്കി. സില്‍സിലയായിരുന്നു ഈ കൂട്ടുക്കെട്ടില്‍ പിറന്ന ആദ്യചിത്രം. ഫാസ്ലെ, ചാന്ദ്‌നി, ലംഹെ, ധര്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ ശിവ്- ഹരി കൂട്ടുകെട്ടില്‍ പിറന്നവയാണ്. മനോരമയാണ് ശിവ്കുമാറിന്റെ ഭാര്യ. രണ്ടു മക്കളാണ് ഈ ദമ്പതികള്‍ക്ക്. മകന്‍ രാഹുലും സന്തൂര്‍ കലാകാരനാണ്.