Wednesday, April 2, 2025

ഗ്രോവർ ക്ലീവ്‌ലാൻഡ്: വിജയകരമായ തിരിച്ചുവരവ് നടത്തിയ ഏക മുൻ യു. എസ്. പ്രസിഡന്റ് 

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ ഡൊണാൾഡ് ട്രംപിന്റെ രണ്ടാം സ്ഥാനാർഥിത്വം കൂടുതൽ ചർച്ചകൾക്കു വഴിയൊരുക്കുമ്പോൾ രാഷ്ട്രീയനിരീക്ഷകർ ഗ്രോവർ ക്ളീവ്ലാൻഡ് എന്ന മുൻ അമേരിക്കൻ പ്രസിഡന്റിനെ ഓർത്തെടുക്കുന്നു. അമേരിക്കയുടെ ചരിത്രത്തിൽ വിജയകരമായ തിരിച്ചുവരവ് നടത്തിയ ഒരേയൊരു പ്രസിഡന്റ് ആയിരുന്നു സ്റ്റീഫൻ ഗ്രോവർ ക്ലീവ്‌ലാൻഡ്.

1884 ലും 1892 ലും തെരഞ്ഞെടുക്കപ്പെട്ട ഗ്രോവർ ക്ലീവ്‌ലാൻഡ് അമേരിക്കയുടെ 22-ാമത്തേതും 24-ാമത്തെയും പ്രസിഡന്റായിരുന്നു. ഒരു തോൽവിക്കുശേഷം വൈറ്റ് ഹൌസിലേക്ക് തിരിച്ചുവരവ് നടത്തിയ ഒരേയൊരു പ്രസിഡന്റ് ക്ലീവ്‌ലാൻഡ് ആയിരുന്നു. തുടർച്ചയായി രണ്ടാം തവണയും വീണ്ടും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനുശേഷം തിരിച്ചെത്തിയ ഏക മുൻ പ്രസിഡന്റാണ് ഗ്രോവർ ക്ലീവ്‌ലാൻഡ്. ന്യൂയോർക്കിൽനിന്നുള്ള ഡെമോക്രാറ്റായ ക്ലീവ്‌ലാന്റ് 1884 ൽ നേരിയ വിജയം നേടിയെങ്കിലും 1888 ൽ ഇലക്ടറൽ കോളേജിൽ ജനകീയവോട്ട് നേടിയിട്ടും പരാജയപ്പെട്ടു. പിന്നീട് 1892 ൽ ക്ലീവ്‌ലാൻഡ് പുനർനാമകരണം ചെയ്യപ്പെടുകയും ബെഞ്ചമിൻ ഹാരിസണെ തോൽപിക്കുകയും ചെയ്തു.

1837 മാർച്ച് 18 ന് ന്യൂജേഴ്‌സിയിലെ കാൾഡ്‌വെല്ലിലാണ് സ്റ്റീഫൻ ഗ്രോവർ ക്ലീവ്‌ലാൻഡ് ജനിച്ചത്. പ്രെസ്‌ബിറ്റീരിയൻ മന്ത്രിയായിരുന്ന റിച്ചാർഡ് ഫാലി ക്ലീവ്‌ലാന്റിന്റെയും ആൻ നീലിന്റെയും മകനായിരുന്നു അദ്ദേഹം. ഗ്രോവർ, ന്യൂജേഴ്‌സിയിലും പിന്നീട് ന്യൂയോർക്ക് സ്റ്റേറ്റിലും വളർന്നു. 1853 ൽ പിതാവ് മരിച്ചപ്പോൾ അമ്മയെയും സഹോദരിമാരെയും പിന്തുണയ്ക്കാൻ ക്ലീവ്‌ന്റിന് സ്കൂൾപഠനം ഉപേക്ഷിക്കേണ്ടിവന്നു. ന്യൂയോർക്കിലെ ബഫല്ലോയിൽ, ക്ലീവ്‌ലാൻഡ് ഒരു നിയമ സ്ഥാപനത്തിൽ ജോലിചെയ്തു. പിന്നീട് പഠനം തുടർന്ന് 1859 ൽ അദ്ദേഹം ഒരു അഭിഭാഷകനായി.

അധികം വൈകാതെ തന്നെ ക്ലീവ്‌ലാൻഡ് ഡെമോക്രാറ്റിക് പാർട്ടിയിൽ ചേർന്നു. 1863 ൽ അദ്ദേഹം ന്യൂയോർക്കിലെ എറി കൗണ്ടിയുടെ അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോർണിയായി. 1870 മുതൽ 1873 വരെ അദ്ദേഹം കൗണ്ടി ഷെരീഫായി സേവനമനുഷ്ഠിച്ചു. 1881 ൽ ബഫലോയുടെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. നഗരഭരണത്തിലെ അഴിമതിയെ ആക്രമിക്കുന്നതിൽ അദ്ദേഹം പ്രശസ്തനായി. ഒരു വർഷത്തിനുശേഷം ക്ലീവ്‌ലാൻഡ്, ന്യൂയോർക്കിലെ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു.

1884 ൽ ഡെമോക്രാറ്റുകൾ ക്ലീവ്‌ലാൻഡിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തു. സത്യസന്ധതയ്ക്കു പേരുകേട്ട ക്ലീവ്‌ലാൻഡ്, രാഷ്ട്രീയ അഴിമതികൾക്കു പേരുകേട്ട റിപ്പബ്ലിക്കൻ എതിരാളി ജെയിംസ് ജി ബ്ലെയ്‌നുമായി വളരെ വ്യത്യസ്തനായിരുന്നു. അങ്ങനെ തെരഞ്ഞെടുപ്പിൽ ക്ലീവ്‌ലാൻഡ് ബ്ലെയ്‌നെ പരാജയപ്പെടുത്തി.

പ്രസിഡന്റ് ക്ലീവ്‌ലാൻഡ് അഴിമതിക്കെതിരെ ധീരമായി പോരാടി. അദ്ദേഹം സർക്കാർ ജീവനക്കാരെ നിയമിച്ചത് അവരുടെ രാഷ്ട്രീയ വിധേയത്വത്തെ അടിസ്ഥാനമാക്കിയല്ലായിരുന്നു. മറിച്ച് അവരുടെ കഴിവിന്റെ അടിസ്ഥാനത്തിലായിരുന്നു. ആഭ്യന്തരയുദ്ധ സേനാനികൾ നടത്തിയ പെൻഷനുവേണ്ടിയുള്ള സത്യസന്ധമല്ലാത്ത അവകാശവാദങ്ങളും അദ്ദേഹം നിരസിച്ചു. 1887 ൽ അദ്ദേഹം അന്തർസംസ്ഥാന വാണിജ്യ നിയമത്തിൽ ഒപ്പുവച്ചു. അത് റെയിൽവേയുടെ മേൽനോട്ടം വഹിക്കാൻ ഒരു ഏജൻസി സ്ഥാപിക്കുന്നതിലേക്കു വഴിതെളിച്ചു.

1886 ൽ ക്ലീവ്‌ലാൻഡ്, ഫ്രാൻസെസ് ഫോൾസോമിനെ വിവാഹം കഴിച്ചു. അവർ തന്റെ ഭർത്താവിനെപ്പോലെതന്നെ ഒരു ജനപ്രിയ പ്രഥമവനിതയായി. ദമ്പതികൾക്ക് അഞ്ച് കുട്ടികളുണ്ടായിരുന്നു.

1888 ൽ ക്ലീവ്‌ലാൻഡ് വീണ്ടും തിരഞ്ഞെടുപ്പിനായി മത്സരിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയുടെ എതിരാളി ബെഞ്ചമിൻ ഹാരിസൺ ആയിരുന്നു. ഹാരിസണേക്കാൾ 1,00,000 പോപ്പുലർ വോട്ടുകൾ ക്ലീവ്‌ലാൻഡിനു ലഭിച്ചു. പക്ഷേ, ഇലക്ടറൽ കോളേജിൽ അദ്ദേഹം പരാജയപ്പെടുകയാണുണ്ടായത്.

നാലുവർഷത്തെ അഭിഭാഷകവൃത്തിക്കുശേഷം 1892 ൽ ക്ലീവ്‌ലാൻഡ് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചു. ആ തവണ അദ്ദേഹം ഹാരിസണെ പരാജയപ്പെടുത്തി. ആ സമയത്ത് അമേരിക്ക ഗുരുതരമായ സാമ്പത്തിക-തൊഴിൽപ്രശ്‌നങ്ങൾ അഭിമുഖീകരിച്ചു. സാമ്പത്തികമാന്ദ്യത്തിലേക്കു കൂപ്പുകുത്തിയതോടെ ബാങ്കുകളും ബിസിനസുകളും പരാജയപ്പെട്ടു. വേതനം വെട്ടിക്കുറച്ചതിൽ രോഷാകുലരായ തൊഴിലാളികൾ പണിമുടക്കുകയോ, ജോലിചെയ്യാൻ വിസമ്മതിക്കുകയോ ചെയ്തു. 1894 ൽ പുൾമാൻ റെയിൽറോഡ് കാർ കമ്പനിക്കെതിരെ ചിക്കാഗോയിൽ നടന്ന സമരം അക്രമാസക്തമായി. സമരം അവസാനിപ്പിക്കാൻ ക്ലീവ്‌ലാൻഡ് ഫെഡറൽ സൈനികരെ അയച്ചു. ആ തീരുമാനം അദ്ദേഹത്തിന് നിരവധി തൊഴിലാളികളുടെ പിന്തുണ നഷ്ടപ്പെടുത്തി.

ഈ സമയങ്ങളിൽ ക്ലീവ്‌ലാൻഡ് പൊതുവെ വിദേശകാര്യങ്ങളിൽനിന്നു വിട്ടുനിന്നു. ഹവായ് യു. എസിന്റെ ഭാഗമാക്കാൻ അദ്ദേഹം വിസമ്മതിച്ചു. സ്പാനിഷ് ഭരണത്തിനെതിരെ കലാപം നടത്തുന്ന ഒരു കൂട്ടം ക്യൂബക്കാരെ സഹായിക്കാനും അദ്ദേഹം മുതിർന്നില്ല. പിന്നീട് 1896 ൽ ഡെമോക്രാറ്റുകൾ ക്ലീവ്‌ലാന്റിനുപകരം വില്യം ജെന്നിംഗ്സ് ബ്രയാനെ പ്രസിഡന്റായി നാമനിർദേശം ചെയ്തു. അടുത്ത വർഷം ക്ലീവ്‌ലാൻഡ് ന്യൂജേഴ്‌സിയിലെ പ്രിൻസ്റ്റണിലേക്കു വിരമിക്കുകയും 1908 ജൂൺ 24 ന് മരണമടയുന്നതുവരെ പ്രിൻസ്റ്റൺ സർവകലാശാലയിൽ ജോലിചെയ്യുകയും ചെയ്തു.

Latest News