Thursday, May 15, 2025

ഇസ്രായേൽ പ്രതിരോധമന്ത്രിയെ പുറത്താക്കി: പ്രതിഷേധം ശക്തമാക്കി ജനങ്ങൾ

ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റിനെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പുറത്താക്കിയതിനുപിന്നാലെ ഇസ്രായേലിൽ പ്രതിഷേധം ആളിക്കത്തുന്നു. ഗാലന്റിലുള്ള തന്റെ വിശ്വാസം സമീപ മാസങ്ങളിൽ ക്ഷയിച്ചു എന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് നെതന്യാഹു പ്രതിരോധമന്ത്രിയെ മാറ്റിയത്.

“ഇസ്രായേൽ രാഷ്ട്രത്തിന്റെ സുരക്ഷ എന്റെ ജീവിതത്തിന്റെ ദൗത്യമായിരുന്നു. അത് എല്ലായ്‌പ്പോഴും തുടരും” എന്നാണ്, തന്നെ പുറത്താക്കിയ വാർത്തയോട് ഗാലന്റ് പ്രതികരിച്ചത്. നെതന്യാഹുവിനും ഗാലന്റിനുമിടയിൽ ദീർഘകാലമായി ഭിന്നിപ്പ് നിലനിന്നിരുന്നു എന്നും കഴിഞ്ഞ ഒരുവർഷമായി ഇസ്രായേലിന്റെ യുദ്ധതന്ത്രത്തെക്കുറിച്ച് ഇരുവരും തമ്മിൽ വഴക്കിടുന്നതായും റിപ്പോർട്ടുകളുണ്ട്.

ഗാസയിലെ യുദ്ധം തുടരുന്നതിനുമുമ്പ് ഹമാസുമായുള്ള ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറിന് മുൻഗണന നൽകണമെന്ന് ഗാലന്റ് പറഞ്ഞിരുന്നു. എന്നാൽ, ഈ നിലപാട് പ്രധാനമന്ത്രി നിരസിച്ചു. കൂടാതെ, ഇസ്രായേലിലെ അൾട്രാ ഓർത്തഡോക്സ് പൗരന്മാരെ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നതിൽനിന്ന് ഒഴിവാക്കുന്നത് തുടരുന്നതിനുള്ള പദ്ധതികളിൽ മുൻ പ്രതിരോധമന്ത്രിയും അസന്തുഷ്ടനാണ്.

2023 ഒക്ടോബറിൽ ഗാസയിൽ യുദ്ധം ആരംഭിക്കുന്നതിന് മാസങ്ങൾക്കുമുൻപും നെതന്യാഹു ഗാലാന്റിനെ പുറത്താക്കിയിരുന്നു. പിന്നീട് ജനകീയപ്രക്ഷോഭം ആരംഭിച്ചതിനെത്തുടർന്നാണ് അദ്ദേഹത്തെ തിരികെയെടുത്തത്.

Latest News