ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ഇന്ത്യയിലെ പ്രാദേശിക പക്ഷിവിഭാഗത്തിൽപെടുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡിനെ കൃത്രിമ ബീജസങ്കലനത്തിലൂടെ വളർത്തിയെടുത്ത് ശാസ്ത്രജ്ഞർ. രാജസ്ഥാനിലെ വന്യജീവി ഗവേഷകരാണ് കൃത്രിമ ബീജസങ്കലനത്തിലൂടെ വിജയകരമായി ഒരു കോഴിയെ വിരിയിച്ചത്.
ജയ്സാൽമീർ നഗരത്തിലെ രണ്ട് പ്രജനനകേന്ദ്രങ്ങളിലൊന്നിലെ ആൺ ബസ്റ്റാർഡിന്റെ ബീജവും 200 കിലോമീറ്റർ (124 മൈൽ) അകലെയുള്ള രണ്ടാമത്തെ കേന്ദ്രത്തിൽ പ്രായപൂർത്തിയായ പെൺ ബസ്റ്റാർഡിൽ നിക്ഷേപിച്ചുകൊണ്ടാണ് കൃത്രിമ ബീജസങ്കലനം നടത്തിയത്. ഇത് വിജയകരമായി പര്യവസാനിച്ചതോടെ ഒരു ബീജബാങ്ക് സൃഷ്ടിക്കാനുള്ള സാധ്യതയാണ് തുറന്നിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലാണ് ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡുകളുള്ളത്. രാജസ്ഥാന്റെ സംസ്ഥാനപക്ഷിയാണ് ഇത്. വർഷങ്ങളായി, ആവാസവ്യവസ്ഥയുടെ നഷ്ടം, വേട്ടയാടൽ, വൈദ്യുതി ലൈനുകളുമായുള്ള കൂട്ടിയിടി എന്നിവ വലിയ ഇന്ത്യൻ ബസ്റ്റാർഡുകളെ ബാധിച്ചിട്ടുണ്ട്. 1960 കളിൽ ആയിരത്തിലധികമായിരുന്ന അവരുടെ എണ്ണം ഇപ്പോൾ 150 ആയി കുറഞ്ഞു.
15 കിലോഗ്രാം മുതൽ 18 കിലോഗ്രാം വരെ ഭാരമുള്ള ഈ ഭീമൻപക്ഷി ഇന്ത്യയിലെ ഏറ്റവും വലിയ പറക്കുന്ന പക്ഷികളിലൊന്നാണ്. ഒരിക്കൽ രാജ്യത്ത് സമൃദ്ധമായ സാന്നിധ്യമുണ്ടായിരുന്ന ഇത് കുറഞ്ഞത് 11 സംസ്ഥാനങ്ങളിലെങ്കിലും കാണപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ഇത് രാജസ്ഥാനിൽ മാത്രമാണ് കാണപ്പെടുന്നത്. എലികൾ, പാമ്പുകൾ, മറ്റ് കീടങ്ങൾ എന്നിവയെ വേട്ടയാടുന്നതിലൂടെ കാർഷികമേഖലയിൽ മനുഷ്യനെ സഹായിക്കാൻ ഇവയ്ക്കു സാധിക്കുന്നു.
വളരെ വ്യത്യസ്തമായ പ്രജനനരീതികളാണ് ഇവയ്ക്കുള്ളത്. ഒരു തവണ പ്രജനനലക്ഷ്യത്തോടെ സ്ഥാപിച്ച കൂടുകൾ പിന്നീട് ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാഡുകൾ ഉപയോഗിക്കില്ല. വർഷംതോറും ഇതിനായി പുതിയ കൂടുകൾ സ്ഥാപിക്കും. ഒരുതവണ ഒരു മുട്ടയാകും പെൺപക്ഷി ഇടുന്നത്. അതിനു മുകളിൽ ഒരുമാസം അടയിരിക്കും. ഇവയുടെ എണ്ണം വൻതോതിൽ കുറഞ്ഞതോടെ 2011 ലാണ് ഇവയെ ഗുരുതര വംശനാശഭീഷണി നേരിടുന്ന വിഭാഗക്കാരായി പ്രഖ്യാപിച്ചത്.