ഹമാസ് നേതാക്കളെ തങ്ങളുടെ രാജ്യത്ത് തുടരാൻ അനുവദിക്കില്ല എന്ന് വ്യക്തമാക്കി ഖത്തർ. വെടിനിർത്തലിലേക്കും ബന്ദികളെ മോചിപ്പിക്കുന്നതിലേക്കും നയിക്കുന്ന കരാറിനെ സംബന്ധിച്ച ഏറ്റവും പുതിയ നിർദേശം പാലസ്തീൻ തീവ്രവാദസംഘം നിരസിച്ചതിനെത്തുടർന്നാണ് ഖത്തർ നിലപാട് വ്യക്തമാക്കിയത്.
യു. എസ്. സമ്മർദത്തെ തുടർന്നാണ് ഖത്തർ ഈ നിലപാട് സ്വീകരിച്ചത് എന്നാണ് റിപ്പോർട്ട്. “ബന്ദികളെ മോചിപ്പിക്കാനുള്ള ആവർത്തിച്ചുള്ള നിർദേശങ്ങൾ നിരസിച്ച ഹമാസ് നേതാക്കളെ ഒരു അമേരിക്കൻ പങ്കാളിയുടെയും തലസ്ഥാനങ്ങളിൽ സ്വാഗതം ചെയ്യരുത്. ബന്ദികളെ മോചിപ്പിക്കാനുള്ള മറ്റൊരു നിർദേശം ആഴ്ചകൾക്കുമുമ്പ് ഹമാസ് നിരസിച്ചതിനെത്തുടർന്ന് ഞങ്ങൾ അത് ഖത്തറിനോട് വ്യക്തമാക്കിയിരുന്നു” – പേരുവെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഏകദേശം 10 ദിവസങ്ങൾക്കുമുമ്പ് ഹമാസ് നേതാക്കളോട് ഖത്തർ ഈ ആവശ്യം ഉന്നയിച്ചതായാണ് റിപ്പോർട്ട്. ഹമാസിന്റെ ഖത്തറിലെ രാഷ്ട്രീയ ഓഫീസ് എപ്പോൾ അടച്ചുപൂട്ടണമെന്നതിനെക്കുറിച്ച് വാഷിംഗ്ടൺ ഖത്തറുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. “നിങ്ങൾക്ക് ഇവിടെ സ്വാഗതം ഇല്ല” എന്ന് ഖത്തർ തീവ്രവാദ ഗ്രൂപ്പായ ഹമാസിനോട് പറഞ്ഞതായി ഇക്കാര്യം അറിയുന്ന ഒരു സ്രോതസിനെ ഉദ്ധരിച്ച് കാൻ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. കാൻ റിപ്പോർട്ട് അനുസരിച്ച്, ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള തീരുമാനങ്ങളിൽ ചർച്ചകൾ സുഗമമാക്കുന്നതിനാണ് രാജ്യത്തെ ഹമാസിന്റെ നേതൃത്വം എന്ന് ഖത്തർ നേരത്തെ വിശദീകരിച്ചിരുന്നു.
യു. എസിനും ഈജിപ്തിനുമൊപ്പം ഗാസയിലെ സംഘർഷത്തിന് അറുതി വരുത്താനുള്ള ചർച്ചകളിൽ ഖത്തറും പങ്കാളിയായിരുന്നു. എന്നാൽ വെടിനിർത്തലിലേക്കു നയിക്കുന്ന നിർദേശങ്ങൾ ഹമാസ് അംഗീകരിക്കാതെവന്നതോടെയാണ് ഇടനിലക്കാരുടെ രാജ്യങ്ങളിൽ ഹമാസിന് സ്ഥാനമുണ്ടാകരുത് എന്ന കടുത്ത നിലപാട് യു. എസ്. സ്വീകരിച്ചത്.