Friday, January 31, 2025

യുക്രൈനിൽ ഒരു കുടുംബത്തെ മുഴുവൻ കൊലപ്പെടുത്തിയ റഷ്യൻ സൈനികർക്ക് തടവുശിക്ഷ വിധിച്ച് കോടതി

അധിനിവേശ യുക്രൈനിൽ ഒൻപതു പേരടങ്ങുന്ന കുടുംബത്തെ കൊലപ്പെടുത്തിയതിന് രണ്ട് റഷ്യൻ സൈനികർക്ക് റഷ്യൻ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കഴിഞ്ഞ വർഷം ഡൊണെറ്റ്സ്ക് മേഖലയിലെ അവരുടെ വീട്ടിൽവച്ച് ആന്റൺ സോപോവ് (21), സ്റ്റാനിസ്ലാവ് റൌ (28) എന്നീ സൈനികരാണ് കപ്കാനെറ്റ്സ് കുടുംബത്തെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരിൽ അഞ്ചും ഒൻപതും വയസ്സുള്ള രണ്ട് കുട്ടികളും ഉൾപ്പെട്ടിരുന്നു.

പ്രതികൾ കൊലപാതകം നടത്തിയ സമയം ഈ കുടുംബം ഒരു പിറന്നാൾ ആഘോഷം നടത്തുകയായിരുന്നു. 53 കാരനായ എഡ്വാർഡ് കപ്കാനെറ്റ്സ്, ഭാര്യ ടാറ്റിയാന, അവരുടെ പ്രായപൂർത്തിയായ ആൺമക്കൾ, അവരുടെ ഭാര്യമാർ, ഒൻപത് വയസ്സുള്ള കൊച്ചുമകൾ, നാലു വയസ്സുള്ള കൊച്ചുമകൻ, കുടുംബത്തിലെ അകന്ന ബന്ധുവായ ഒരാൾ എന്നിവരെ കൊലപ്പെടുത്തിയതിനാണ് സോപോവിനും റാവുവിനും ശിക്ഷ വിധിച്ചത്.

റഷ്യൻ സൈനികർക്ക് വീട് നൽകാൻ വിസമ്മതിച്ചതാണ് കുടുംബം കൊല്ലപ്പെടാൻ കാരണമെന്നു വിശ്വസിക്കുന്നതായി അക്കാലത്തെ യുക്രേനിയൻ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. രാഷ്ട്രീയമോ, പ്രത്യയശാസ്ത്രപരമോ, വംശീയമോ, ദേശീയമോ, മതപരമോ ആയ വിദ്വേഷത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട കൊലപാതകത്തിനാണ് ഇവർ ശിക്ഷിക്കപ്പെട്ടതെന്ന് സ്റ്റേറ്റ് വാർത്താ ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു. സൈനിക രഹസ്യാത്മകത കാരണം അടച്ചിട്ട മുറിയിൽ വിചാരണ നടന്നതിനാൽ സൈനികർ കുറ്റം സമ്മതിച്ചോ എന്നതുപോലുള്ള കേസിന്റെ ചില വിശദാംശങ്ങൾ വ്യക്തമല്ലെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2022 ഫെബ്രുവരിയിൽ യുക്രൈനിൽ പൂർണ്ണതോതിലുള്ള അധിനിവേശം ആരംഭിച്ച് ആഴ്ചകൾക്കുശേഷം യുക്രേനിയൻ നഗരമായ വോൾനോവഖ റഷ്യൻ സൈന്യം പിടിച്ചെടുത്തു. നഗരത്തിന്റെ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടു. തെളിവുകൾ ഉണ്ടായിരുന്നിട്ടും യുക്രൈനിലെ യുദ്ധക്കുറ്റങ്ങളുടെ എല്ലാ ആരോപണങ്ങളും റഷ്യ നിഷേധിച്ചു.

2022 മാർച്ചിൽ നൂറുകണക്കിന് ആളുകൾക്ക് അഭയം നൽകിയിരുന്ന മാരിയോപോളിലെ ഒരു തിയേറ്ററിൽ ബോംബാക്രമണം നടത്തിയതും ആ മാസം ബുച്ച പട്ടണത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടതും ഇത്തരത്തിൽ തെളിവുകളോടെ രേഖപ്പെടുത്തപ്പെട്ട യുദ്ധകുറ്റങ്ങളിൽ ഉൾപ്പെടുന്നു. യുക്രൈനിലെ റഷ്യൻസേന ബലാത്സംഗം, വ്യാപകമായ പീഡനം, കൊലപാതകങ്ങൾ എന്നിവ നടത്തിയെന്ന് യു. എൻ. ആരോപിക്കുകയും അന്താരാഷ്ട്ര ക്രിമിനൽ കോടതി വ്ളാഡിമിർ പുടിനെ അറസ്റ്റ് ചെയ്യാൻ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

Latest News