പ്രസിഡന്റ് തിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ യു. എസ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപും യുക്രേനിയൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയും തമ്മിലുള്ള ഫോൺസംഭാഷണത്തിൽ ടെക് വ്യവസായി ഇലോൺ മസ്കും ചേർന്നതായി റിപ്പോർട്ട്. ഏകദേശം ഏഴ് മിനിറ്റ് ദൈർഘ്യമുള്ളതായിരുന്നു ഫോൺസംഭാഷണമെന്നും എന്നാൽ ഒരു നയവും ചർച്ച ചെയ്തിട്ടില്ലെന്നും വൃത്തങ്ങൾ അറിയിച്ചു.
മസ്കിന്റെ കമ്പനിയായ സ്റ്റാർലിങ്ക് വഴി യുക്രൈന് ഉപഗ്രഹങ്ങളും ഇന്റർനെറ്റും മറ്റ് സാങ്കേതികസഹായങ്ങളും നൽകിയതിൽ അദ്ദേഹത്തോട് സെലൻസ്കി നന്ദിപറഞ്ഞതായി റിപ്പോർട്ടുണ്ട്. യുക്രൈനിൽ മസ്ക്കിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം 2022 ലെ അധിനിവേശത്തിനുശേഷം അവരുടെ ചെറിയ സൈന്യത്തിന് ഗണ്യമായ മുൻനിര നേട്ടം നൽകിയിട്ടുണ്ട്. ഇത് യൂണിറ്റുകൾക്കിടയിൽ തത്സമയ ഡ്രോൺ ഫീഡുകൾ പങ്കിടാനും പോരാട്ടം സെൽഫോൺ സേവനത്തെ തടസ്സപ്പെടുത്തിയ പ്രദേശങ്ങളിൽ ആശയവിനിമയം നടത്താനും സേനയെ വളരെയധികം സഹായിച്ചിരുന്നു.
“ബുധനാഴ്ച ട്രംപിനെ വിളിച്ച് ‘ചരിത്രപരമായ വമ്പിച്ച’ വിജയത്തിന് അഭിനന്ദനം അറിയിച്ചതായി സെലൻസ്കി നേരത്തെ എക്സ്-ൽ പറഞ്ഞിരുന്നു. അടുത്ത സംഭാഷണം നിലനിർത്താനും സഹകരണം മുന്നോട്ടുകൊണ്ടുപോകാനും ഞങ്ങൾ സമ്മതിച്ചു. ശക്തവും അചഞ്ചലവുമായ യു. എസ്. നേതൃത്വം ലോകത്തിനും നീതിപൂർവകമായ സമാധാനത്തിനും അത്യന്താപേക്ഷിതമാണ്” – സെലൻസ്കി എഴുതി.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പൂർണ്ണമായും പിടിച്ചെടുക്കാൻ ലക്ഷ്യമിടുന്ന കിഴക്കൻ ഡോൺബാസ് മേഖലയിൽ റഷ്യ നേട്ടമുണ്ടാക്കിയ വളരെ അപകടകരമായ നിമിഷത്തിലാണ് ട്രംപിന്റെ വിജയം. സെലൻസ്കിയുമായുള്ള ട്രംപിന്റെ ഫോൺസംഭാഷണത്തിൽ, ശതകോടീശ്വരനെ ഉൾപ്പെടുത്തുന്നത് വരാനിരിക്കുന്ന ഭരണകൂടത്തിൽ അദ്ദേഹത്തിന്റെ സ്വാധീനം എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നു.