അനുദിന സന്ദർശകരുടെ എണ്ണത്തിൽ നിയന്ത്രണം കൊണ്ടുവന്ന് റോമൻ ആർക്കിയോളജിക്കൽ സൈറ്റായ പോംപെ. സന്ദർശകരുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവുണ്ടായതിനെത്തുടർന്ന് സൈറ്റിലേക്കുള്ള ദൈനംദിന സന്ദർശകരുടെ എണ്ണം പ്രതിദിനം 20,000 ആയി പരിമിതപ്പെടുത്താനാണ് തീരുമാനം.
നവംബർ 15 മുതൽ പോംപെയിലേയ്ക്ക് എത്തുന്ന ദൈനംദിന സന്ദർശകരുടെ എണ്ണം പരിമിതപ്പെടുത്തുമെന്ന് പാർക്കിന്റെ മാനേജ്മെന്റ് വെള്ളിയാഴ്ച അറിയിച്ചു. ഒക്ടോബറിലെ ആദ്യ ഞായറാഴ്ച ആളുകൾക്ക് സൗജന്യ സന്ദർശനം അനുവദിച്ചിരുന്നു. അന്നേദിവസം 36,000 വിനോദസഞ്ചാരികൾ സൈറ്റ് സന്ദർശിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2023 ൽ ഏകദേശം നാല് ദശലക്ഷം ആളുകൾ പോംപെ സൈറ്റ് സന്ദർശിച്ചു. ഇത് മുൻ വർഷത്തേക്കാൾ മൂന്നിലൊന്ന് കൂടുതലായിരുന്നു. പകർച്ചവ്യാധിക്ക് മുമ്പ് സന്ദർശകരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരുന്നു. 2024 ഒക്ടോബറിൽ 480,000-ത്തിലധികം ആളുകൾ ഈ സ്ഥലം സന്ദർശിച്ചു.
പുരാതന റോമൻ സാമ്രാജ്യത്തിന്റെ പ്രതാപനഗരമായിരുന്നു പോംപെ. എന്നാൽ എ. ഡി. 79-ൽ അടുത്തുള്ള വെസുവിയസ് പർവ്വതത്തിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഈ നഗരം പൂർണ്ണമായും ചാരത്തിനടിയിലായി. മൂടിപ്പോയ ഈ നഗരം ലോകത്തിലെ ഏറ്റവും മികച്ച രീതിയിൽ സംരക്ഷിക്കപ്പെടുന്ന റോമൻ സൈറ്റുകളിൽ ഒന്നാണിത്. 70 ഏക്കറിൽ പരന്നു കിടക്കുന്നതാണ് പോംപെയുടെ പുരാതന കാഴ്ചകൾ. ഇനിയും 200 വർഷം ഗവേഷണം നടത്തിയാലും പോംപെയെകുറിച്ച് പേടിച്ചുകഴിയില്ല എന്നാണു ഗവേഷകർ പറയുന്നത്.
ദുരന്തത്തിന് ശേഷം 1748 ലെ ഒരു ഖനനത്തിൽ ഈ പുരാതന നഗരം കണ്ടെത്തിയത്. അന്ന് വായു കടക്കാത്തവിധം ചാരം മൂടിയതിനാൽ മൃതദേഹങ്ങൾ ഒന്നും തന്നെ അഴുകിയിരുന്നില്ല. കൈക്കുഞ്ഞിനെ മാറോട് ചേർത്തവർ, മരണവേളയിൽ പ്രാർഥനയിൽ മുഴുകിയവർ, ആലിംഗന ബദ്ധരായ ദമ്പതികൾ, മരണ വെപ്രാളത്തിൽ പുളയുന്നവർ… അങ്ങനെ കണ്ണുനനയിക്കുന്ന അനുഭവങ്ങളാണ് ഈ സ്ഥലം പകരുന്നത്.