മുനമ്പം വഖഫ് അവകാശവാദവിഷയം രാഷ്ട്രീയകേരളത്തിൽ ഒരു കോളിളക്കത്തിനു വഴിയൊരുക്കുന്ന രീതിയിൽ വളർന്നുകൊണ്ടിരിക്കുകയാണ്. മുനമ്പത്തെ ഒരുകൂട്ടം പാവപ്പെട്ട ജനങ്ങളുടെ കടുത്ത ആശങ്ക പരിഹരിക്കാൻ മുതിരാത്ത ഭരണ-പ്രതിപക്ഷ പാർട്ടികളും സർക്കാരും ഒളിച്ചുകളി തുടരുന്നതിനിടെ, സൈബർലോകത്ത് വാക്പോരുകളും വ്യാജപ്രചാരണങ്ങളും അനുദിനം വർധിച്ചുകൊണ്ടുമിരിക്കുന്നു. അടുത്തെത്തിനിൽക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ മുനമ്പം വിഷയം തിരിച്ചടിക്കു കാരണമാകാതിരിക്കാൻ വിവിധ രാഷ്ട്രീയപാർട്ടികൾ അതീവശ്രദ്ധ ചെലുത്തുന്നതായി കാണാനാകും. മുനമ്പത്തിനുപുറമെ വഖഫ് നിയമപരിഷ്കരണവും ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ മുനമ്പം വിഷയത്തിലെ സർക്കാരിന്റെയും രാഷ്ട്രീയപാർട്ടികളുടെയും നിലപാട് ഒരു വലിയ വോട്ട് ബാങ്കുമായി ബന്ധപ്പെട്ട് ഏറെ നിർണ്ണായകമാണ്. ഏതുവിധേനയും ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഫോർമുല കണ്ടെത്തുന്നതിനായി ഒട്ടേറെപ്പേർ തലപുകയ്ക്കുകയാണെന്ന് വ്യക്തം.
ഇതിനിടെയാണ് ആരുപറഞ്ഞാലും മറുത്തൊരു തീരുമാനം സ്വീകരിക്കാനിടയില്ലാത്ത തീവ്രനിലപാടുകാർ തങ്ങളുടെ അഭിപ്രായപ്രകടനങ്ങളുമായി വീണ്ടുംവീണ്ടും രംഗത്തുവന്നുകൊണ്ടിരിക്കുന്നത്. പാണക്കാട് സാദിഖ് അലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മറ്റു ചില പ്രമുഖരും തങ്ങൾ മുനമ്പംജനതയുടെ പക്ഷത്താണെന്ന് ആവർത്തിക്കുകയും വഖഫ് അവകാശവാദത്തെ പരോക്ഷമായെങ്കിലും തള്ളിപ്പറയുകയും ചെയ്യുന്നെങ്കിലും മറ്റൊരു വിഭാഗം അവരോട് തീരെയും യോജിക്കാൻ മനസ്സില്ല എന്ന് മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ആവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. വഖഫ് അവകാശവാദത്തിൽനിന്നു പിന്മാറാൻ തയ്യാറായിട്ടില്ലാത്ത പല പ്രമുഖരിൽ ഒരു പ്രമുഖൻ ന്യൂനപക്ഷക്ഷേമ മന്ത്രി അബ്ദു റഹിമാൻ തന്നെയാണ്. ആ സമുദായത്തിനിടയിൽത്തന്നെ ഇക്കാര്യത്തിൽ കടുത്ത ഭിന്നതയുണ്ടെന്നു വ്യക്തം.
മുനമ്പം ജനതയുടെ കൂടെ കേരളത്തിലെ കത്തോലിക്ക സഭാസമൂഹം ശക്തമായി നിലയുറപ്പിച്ചിരിക്കുന്നതാണ് ഈ വിഷയത്തിലെ മറുപക്ഷം നേരിട്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. മുനമ്പത്തെ സമരക്കാർക്ക് പിന്തുണയുമായി രംഗപ്രവേശം ചെയ്ത ബി. ജെ. പി. – സംഘപരിവാർ നേതൃത്വങ്ങൾക്ക് ഒപ്പംചേർത്ത് കത്തോലിക്ക സഭാനേതൃത്വം ബി. ജെ. പി. യുടെ അജണ്ടകൾക്കു വേദിയൊരുക്കുകയാണെന്നും മറ്റും ആരോപണങ്ങൾ ഉന്നയിച്ചിട്ടും തങ്ങൾ ഉദ്ദേശിച്ച വഴിക്ക് കാര്യങ്ങൾ നീങ്ങുന്നില്ല എന്ന് കണ്ടതുകൊണ്ടാകണം അടുത്ത ദിവസങ്ങളിലായി കത്തോലിക്ക സഭയ്ക്കെതിരെ ‘കടുത്ത ആരോപണങ്ങളുമായി’ ചിലർ രംഗപ്രവേശം ചെയ്തിരിക്കുന്നത്. സമസ്തയുടെ സുപ്രഭാതം പത്രം, ജംഗ്ഷൻ ഹാക്ക് എന്ന യൂട്യൂബ് ചാനൽ ഉടമയായ അനിൽ മുഹമ്മദ് തുടങ്ങിയവർ ഉദാഹരണം.
കത്തോലിക്ക സഭയ്ക്ക് ഇന്ത്യയിൽ 17 കോടി ഏക്കർ സ്ഥലം!
കത്തോലിക്ക സഭയുടെ മുന്നിൽ ‘വഖഫ് ബോർഡ് ഒരു ചെറിയ മീനാണ്’ എന്നാണ് ഇക്കൂട്ടർ പറഞ്ഞുവയ്ക്കുന്നത്. ‘കത്തോലിക്ക സഭയ്ക്ക് ഇന്ത്യയിൽ വഖഫ് ബോർഡിനുള്ളതിനെക്കാൾ ഒരുപാട് കൂടുതൽ സ്ഥലം സ്വന്തമായുണ്ട്. അതിനാൽ കൂടുതൽ വർത്തമാനം പറയണ്ട’ എന്നാണ് പ്രധാന വാദം. അവർ പറയുന്നതനുസരിച്ച്, 17. 29 കോടി ഏക്കർ ഭൂസ്വത്ത് ഇന്ത്യയിൽ കത്തോലിക്ക സഭയ്ക്കുണ്ട്. അതായത്, ഏഴുലക്ഷം ചതുരശ്ര കിലോമീറ്റർ. വഖഫ് ബോർഡിന് ഉള്ളതാണെങ്കിലോ 9. 4 ലക്ഷം ഏക്കർ മാത്രം. ആധികാരികമായ അറിവ് എന്ന വിധത്തിൽ അവതരിപ്പിക്കുകയും അനേകരിൽ തെറ്റിധാരണ ഉളവാക്കുകയും ചെയ്ത ഈ വാദം വെറും ബാലിശമാണ് എന്നു വ്യക്തം.
കേരളത്തിലെ ജനവാസ മേഖലകളുടെ ആകെ വിസ്തീർണം 50 ലക്ഷം ഏക്കർ മാത്രമാണ്. കേരളം, കർണ്ണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ മുഴുവൻ ചേർന്നാലും 17 കോടി ഏക്കറിൽ താഴെയേ വരൂ. ഇന്ത്യയിലെ ആകെ കൃഷി, ജനവാസമേഖലകളുടെ വിസ്തൃതി 51 കോടി ഏക്കറാണ്. ഭൂവിസ്തൃതിയിൽ മുന്നിൽനിൽക്കുന്ന പ്രധാന സംസ്ഥാനങ്ങളിലെല്ലാം തന്നെ കത്തോലിക്ക വിശ്വാസികളുടെ എണ്ണം നാമമാത്രമാണ്.
ഏതാനും മാസങ്ങൾക്കുമുമ്പ് ദേശീയതലത്തിൽ ഒരു ന്യൂസ് ഏജൻസിയും ഏതാനും ഓൺലൈൻ പോർട്ടലുകളും നൽകിയ ഒരു വ്യാജവാർത്തയാണ് മേൽപറഞ്ഞ വാദങ്ങൾക്ക് ആധാരം. 17. 29 കോടി ഏക്കർ സ്ഥലത്തിനും അതിലുള്ള മുഴുവൻ നിർമിതികൾക്കും മുതൽമുടക്കിനും ഇപ്പറഞ്ഞവർ നിശ്ചയിച്ചിരിക്കുന്ന മൂല്യം 20,000 കോടി രൂപയാണ് എന്നതാണ് വിചിത്രം. ഒരു ഏക്കർ സ്ഥലത്തിനും അതിലുള്ളവയ്ക്കും മൂല്യം 1157 രൂപ. മാത്രവുമല്ല, ഏറ്റവും കൂടുതൽ ഭൂമി കൈവശമുള്ള കേന്ദ്രസർക്കാരിനുള്ളത് 15,531 ചതുരശ്ര കിലോമീറ്റർ അഥവാ, 38,37,793 (മുപ്പത്തിയെട്ടു ലക്ഷത്തിൽപരം) ഏക്കർ ആണെന്നും പ്രസ്തുത റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു. അതേ റിപ്പോർട്ടിന് ആധാരം കേന്ദ്രസർക്കാരിന്റെ ലാൻഡ് ഇൻഫർമേഷൻ വെബ്സൈറ്റ് ആണെന്ന് പറയുന്നെങ്കിലും ഇത്തരമൊരു രേഖ എവിടെയും ലഭ്യമല്ല. രണ്ടാമതൊന്ന് ആലോചിക്കാതെ ഇത്തരമൊരു വ്യാജവാർത്ത ആധാരമാക്കി ആരോപണമുയർത്തി സഭയെ പ്രതിരോധത്തിലാക്കാനുള്ള ശ്രമമാണ് ഇവിടെ ചിലർ നടത്തിയതെന്നു വ്യക്തം.
കത്തോലിക്ക സഭയ്ക്കെതിരെയുള്ള അത്യന്തം അബദ്ധജഢിലമായ മേൽപറഞ്ഞ വാദഗതിയെ മുഖവിലയ്ക്കെടുത്ത അനേകർ കടുത്ത സഭാവിമർശനങ്ങളുമായി രംഗത്തു വന്നിരിക്കുന്നതും ഈ ദിവസങ്ങളിലെ കാഴ്ചയാണ്. എത്ര വലിയ കള്ളവും എത്രമാത്രം ബാലിശമായ വാദഗതികളുംപോലും ഏറ്റെടുക്കാൻ മടികാണിക്കാത്ത ചിന്താശേഷിയില്ലാത്ത ഒരു ആൾകൂട്ടമായി കേരളസമൂഹത്തിലെ വലിയൊരു വിഭാഗം പേർ മാറിയിരിക്കുന്നതിന്റെ നേർക്കാഴ്ചയാണ് ഇതുപോലുള്ള അബദ്ധപ്രചാരണങ്ങളും അവയ്ക്കു ലഭിക്കുന്ന സ്വീകാര്യതയും. പലതിനും പുകമറ സൃഷ്ടിക്കാനും ശത്രുപക്ഷത്തുള്ളവരെ സംശയമുനയിൽ നിർത്താനും ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാനും ഇതുതന്നെ ധാരാളമാണ് എന്ന തിരിച്ചറിവായിരിക്കാം ദുരാരോപണങ്ങളുമായി രംഗപ്രവേശം ചെയ്യുന്നവരുടെ ബലം.
കത്തോലിക്ക സഭയ്ക്ക് ഭൂസ്വത്തുക്കളുണ്ട്
അനിൽ മുഹമ്മദിനെപ്പോലുള്ളവർ പറഞ്ഞുസ്ഥാപിക്കാൻ ശ്രമിക്കുന്നത്ര ഭൂമി, ലോകത്ത് ഒരു രാജ്യത്തും സ്വന്തമാക്കാൻ കത്തോലിക്ക സഭയ്ക്കോ, വഖഫ് ബോർഡിനുപോലുമോ കഴിയില്ലെങ്കിലും സഭയ്ക്ക് ഇന്ത്യയിൽ പതിനായിരക്കണക്കിന് ഏക്കർ ഭൂമിയുണ്ട് എന്നുള്ളത് രഹസ്യമായ കാര്യമല്ല. ആ ഭൂമി നീതിരഹിതമായ അവകാശവാദങ്ങളുന്നയിച്ച് പാവപ്പെട്ടവരെ കുടിയിറക്കി പിടിച്ചെടുത്തവയോ, നിയന്ത്രിതമേഖലകളാക്കി മാറ്റി താഴിട്ട് പൂട്ടിയവയോ അല്ല. കത്തോലിക്ക സഭ എന്നാൽ എന്താണെന്നുള്ള അവ്യക്തത നീക്കുന്നതോടൊപ്പം ക്രൈസ്തവസമൂഹത്തെ മോശക്കാരാക്കി ചിത്രീകരിക്കാനുള്ള വ്യഗ്രത മാറ്റിവയ്ക്കുക കൂടി ചെയ്ത് വസ്തുനിഷ്ഠമായി അന്വേഷിച്ചാൽ ഏതുവിധത്തിലാണ് കത്തോലിക്ക സഭ ഭൂസ്വത്ത് ഉപയോഗിക്കുന്നതെന്ന് വ്യക്തമാകും.
174 രൂപതകളും 200 ൽപരം സന്യാസ സമൂഹങ്ങളുമാണ് ഇന്ത്യയിലുള്ളത്. അവരവർക്ക് പ്രവർത്തനസ്വാതന്ത്ര്യമുള്ള പ്രദേശങ്ങളിൽ സ്വതന്ത്രമായാണ് ഇവ ഓരോന്നും പ്രവർത്തിക്കുന്നത്. കത്തോലിക്ക സഭ എന്ന് പൊതുവെ വിശേഷിപ്പിക്കപ്പെടുന്നെങ്കിലും സ്ഥാപനങ്ങളുടെയും പ്രവർത്തനമേഖലകളുടെയും ഉടമസ്ഥാവകാശവും നിയന്ത്രണവും നടത്തിപ്പും പൊതുവായല്ല. പരസ്പരം സഹകരിച്ചുപ്രവർത്തിക്കുകയും ആശയവിനിമയങ്ങൾ നടത്തുകയും നയരൂപീകരണങ്ങൾക്കായി ഒരുമിച്ചുകൂടുകയും ചെയ്യുന്നതാണ് പൊതുവായുള്ള കാര്യം. അതിനാൽത്തന്നെ, കത്തോലിക്ക സഭയുടെ വിവിധ സംവിധാനങ്ങൾക്കു കീഴിലുള്ള ഭൂസ്വത്തോ, സ്ഥാപനങ്ങളോ, മറ്റ് ആസ്തികളോ എല്ലാം ഒരുമിച്ചുകണക്കാക്കി അതെല്ലാം ഒറ്റനേതൃത്വത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് എന്ന് കരുതുന്നെങ്കിൽ അത് തികഞ്ഞ അബദ്ധധാരണയാണ്.
സഭയുടെ ഭൂവിനിയോഗം
പ്രധാനമായും മൂന്നു വിധത്തിലാണ് കത്തോലിക്ക സഭയ്ക്ക് ഭൂസ്വത്ത് സ്വന്തമായിട്ടുള്ളത്. കത്തോലിക്കാ മിഷനറിമാരുടെ സാമൂഹികപ്രവർത്തനങ്ങൾ വിലയിരുത്തിയ ഭരണാധികാരികൾ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിനായി വളരെ വർഷങ്ങൾക്കുമുമ്പ് വിട്ടുനൽകിയ ഭൂസ്വത്തുക്കളാണ് ഒന്ന്. വിശ്വാസികളും പ്രദേശവാസികളും ദാനമായി നൽകിയവയാണ് രണ്ടാമത്തേത്. സ്വാഭാവികമായും മൂന്നാമതുള്ളത് വിലകൊടുത്തു വാങ്ങിയ ഭൂമിയാണ്. ഈ മൂന്നു വിധത്തിൽ വിവിധ സഭാസംവിധാനങ്ങളുടെ കൈവശം വന്നുചേരുകയും ഇപ്പോഴും സൂക്ഷിക്കുകയും ക്രിയാത്മകമായി വിനിയോഗിക്കുകയും ചെയ്യുന്ന ഭൂമിക്ക് പൂർണ്ണ അവകാശം എല്ലാ അർഥത്തിലും ഭരണഘടനാപരമായുള്ളതാണ്. സഭയുടെ ഭൂവിനിയോഗം എപ്രകാരമാണ് എന്നുള്ളത് ഇവിടെ പ്രധാനപ്പെട്ട കാര്യമാണ്.
നാൽപതിനായിരത്തിൽപരം സ്കൂളുകളും നാനൂറിലധികം കോളേജുകളും ആറ് യൂണിവേഴ്സിറ്റികളും ഇന്ത്യയിലെമ്പാടുമായി വിവിധ കത്തോലിക്ക രൂപതകൾക്കും സന്യാസ സമൂഹങ്ങൾക്കുമായുണ്ട്. ആരോഗ്യരംഗത്ത് അഞ്ചു മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ 240 മെഡിക്കൽ – നഴ്സിംഗ് – പാരാമെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ത്യയിലെമ്പാടുമായി 85,000 ഓളം രോഗികളെ കിടത്തിച്ചികിൽസിക്കാൻ കഴിയുന്ന വിപുലമായ ആശുപത്രിശൃംഖലയും എണ്ണമറ്റ ചെറിയ ക്ലിനിക്കുകളും കത്തോലിക്ക സഭയ്ക്കുണ്ട്. പലയിടങ്ങളിലായി അഞ്ചുലക്ഷത്തോളം വരുന്ന രോഗികളും വൃദ്ധരും ആലംബഹീനരും അനാഥരുമായ മനുഷ്യർ ആയിരക്കണക്കിനായ സ്ഥാപനങ്ങളിൽ സംരക്ഷിക്കപ്പെടുന്നു. സ്കൂളുകളിലും ആതുരാലയങ്ങളിലും ഏറിയപങ്കും സാധാരണക്കാരിൽ സാധാരണക്കാരായ പാവപ്പെട്ട മനുഷ്യർക്കിടയിലാണ് പ്രവർത്തിച്ചുവരുന്നത്. ഈ മേഖലകളിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് നിരവധി പതിറ്റാണ്ടുകളായി കത്തോലിക്ക സഭ കാഴ്ചവച്ചു വരുന്നത്.
ജനസംഖ്യയുടെ 1.55% അഥവാ രണ്ടു കോടിയോളം കത്തോലിക്കാ വിശ്വാസികൾ മാത്രമാണ് ഇന്ത്യയിലുള്ളത്. കത്തോലിക്കരുടെ ആകെ ജനസംഖ്യയെക്കാൾ കൂടുതൽ പേർക്ക് കത്തോലിക്ക സഭയുടെ വിവിധ സംവിധാനങ്ങൾ ഓരോ ദിവസവും പ്രത്യക്ഷമായോ പരോക്ഷമായോ സേവനങ്ങൾ എത്തിക്കുന്നുണ്ട്. സഭയുടെ ഏതു സംവിധാനങ്ങളുടെ കീഴിലായാലും സമ്പത്തും അധ്വാനവും ഏറിയപങ്കും നീക്കിവയ്ക്കപ്പെടുന്നത് മതമോ, ജാതിയോ, ദേശമോ പരിഗണിക്കാതെ ഈ രാജ്യത്തിലെ മുഴുവൻ ജനങ്ങൾക്കുമായാണ്. എത്രമാത്രം സ്ഥലം എവിടെയൊക്കെ സഭാസംവിധാനങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടോ അത്രമാത്രം സ്ഥാപനങ്ങളും സേവനങ്ങളും അതതു പ്രദേശത്തുള്ളവർക്കു ലഭ്യമാണ് എന്നതാണ് വാസ്തവം. ആ സേവനതൽപരതയിൽ സംപ്രീതരായ മുൻകാല ഭരണാധികാരികളും ധനവാന്മാരും വലിയ പ്രോത്സാഹനങ്ങളും പിന്തുണയും മിഷനറിമാർക്കും സന്യാസ സമൂഹങ്ങൾക്കും നൽകിയിരുന്നു. അതാണ് ഇന്നും കത്തോലിക്ക സഭ സമാനതകളില്ലാതെ തുടരുന്ന ഇത്തരം പ്രവർത്തനങ്ങളുടെ അടിത്തറ.
ദുരാരോപണങ്ങൾ ഉന്നയിക്കുന്നവരോട്
ഒരു കള്ളം ആയിരം തവണ ആവർത്തിച്ചാൽ അത് സത്യമെന്നു കരുതുന്നവരുടെ എണ്ണം വർധിച്ചേക്കാം. എന്നാൽ, അസത്യം എക്കാലവും അസത്യമായിത്തന്നെ അവശേഷിക്കും. ഇത്തരത്തിൽ ഉയർത്തപ്പെടുന്ന ദുരാരോപണങ്ങൾക്കും അതിന്റെ മറവിൽ നടത്തുന്ന സൈബർ ആക്രമങ്ങൾക്കും ചിന്താശേഷിയില്ലാത്ത കുറേപ്പേരെ ഇരുട്ടിലേക്കു നയിക്കാൻ കഴിഞ്ഞേക്കാമെന്നല്ലാതെ ശാശ്വതമായ വിജയത്തിലേക്ക് അത് ആരെയും നയിക്കില്ല. നീതി നിഷേധിക്കപ്പെട്ട് അവഗണനയിൽ തുടരുന്ന ഒരു കൂട്ടം ജനങ്ങൾക്കുവേണ്ടി നിലകൊള്ളാനുള്ള കത്തോലിക്ക സഭാനേതൃത്വത്തിന്റെ തീരുമാനത്തെ ദുഷ്പ്രചാരണങ്ങൾ നടത്തിയും അവഹേളിച്ചും പിൻവലിപ്പിക്കാമെന്ന കണക്കുകൂട്ടൽ തെറ്റായിരുന്നു എന്ന് കാലം അവരെ ബോധ്യപ്പെടുത്തുകതന്നെ ചെയ്യും.
മുനമ്പം – വഖഫ് അവകാശവാദ വിഷയത്തിലോ, വഖഫ് നിയമപരിഷ്കരണ വിഷയത്തിലോ മാത്രമല്ല, പാവപ്പെട്ട ജനങ്ങൾക്ക് നീതി നിഷേധിക്കപ്പെടുകയും അവരെ പെരുവഴിയിലേക്ക് ഇറക്കുകയും ചെയ്യുന്ന ഏതൊരു പ്രതിസന്ധിഘട്ടത്തിലും മുൻകാലങ്ങളിലെന്നതുപോലെ തുടർന്നും ജാതിമതഭേദമന്യേ ശക്തമായി കത്തോലിക്ക സഭ അവർക്കൊപ്പം നിലകൊള്ളുകതന്നെ ചെയ്യും.
ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI, സെക്രട്ടറി, കെ. സി. ബി. സി. ജാഗ്രതാ കമ്മീഷൻ