രാജ്യദ്രോഹനിയമം സുപ്രീംകോടതി താല്കാലികമായി മരവിപ്പിച്ചു. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. രാജ്യദ്രോഹനിയമ പ്രകാരം പുതിയ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും ഇക്കാര്യത്തില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കോടതി വ്യക്തമാക്കി.
124 എ വകുപ്പ് പ്രകാരം കേസെടുക്കരുതെന്നും കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും ജയിലില്‍ കഴിയുന്നവര്‍ക്ക് ജാമ്യത്തിന് അപേക്ഷ നല്‍കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
രാജ്യദ്രോഹ കുറ്റത്തിനുള്ള എല്ലാ കേസുകളും സ്റ്റേ ചെയ്ത സുപ്രീംകോടതിയുടെ ഈ ചരിത്രപരമായ വിധി കേന്ദ്രത്തിന് തിരിച്ചടി തന്നെയാണ്. അതേസമയം, നിലവില്‍ ജയിലിലുള്ളര്‍ ജാമ്യത്തിനായി കോടതികളെ സമീപിക്കണം. രാജ്യദ്രോഹ കേസുകളില്‍ 13000 പേര് ജയിലുകളിലുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
രാജ്യദ്രോഹ കേസുകള്‍ മരവിപ്പിക്കാനാവില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടെടുത്തത്. രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ തീരുമാനം എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ എടുക്കാന്‍ പാടുള്ളുവെന്ന് നിര്‍ദ്ദേശിക്കാമെന്നും കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്റെ മേല്‍നോട്ടം പ്രത്യേക സമിതിക്ക് വിടാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. നിലവില്‍ ജയിലിലുള്ളവരുടെ ജാമ്യപേക്ഷ വേഗത്തില്‍ കേള്‍ക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.