10 മില്യൺ ഡോളർ വിലമതിക്കുന്ന, കൊള്ളയടിക്കപ്പെട്ട 1,400 ലധികം കരകൗശലവസ്തുക്കൾ ഇന്ത്യയ്ക്ക് തിരികെ നൽകി അമേരിക്ക. തെക്ക്, തെക്കുകിഴക്കൻ ഏഷ്യയിലുടനീളമുള്ള രാജ്യങ്ങളിൽനിന്നു മോഷ്ടിച്ച കലകൾ തിരിച്ചയയ്ക്കാനുള്ള കരാറിന്റെ ഭാഗമായാണ് അമൂല്യമായ ഈ വസ്തുക്കൾ തിരികെ അയയ്ക്കുന്നതെന്ന് മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് വ്യക്തമാക്കി.
മോഷ്ടാക്കളിൽനിന്നും വീണ്ടെടുത്ത വസ്തുക്കൾ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ അടുത്തിടെ വരെ പ്രദർശനത്തിനു വച്ചിരുന്നു. മധ്യ ഇന്ത്യയിൽനിന്ന് ലണ്ടനിലേക്കു കടത്തിയ ഒരു നർത്തകിയുടെ ‘സാൻഡ്സ്റ്റോൺ’ ശില്പവും അതിൽ ഉൾപ്പെടുന്നു. ലണ്ടനിൽനിന്നും ശിൽപം വാങ്ങിയ ആൾ അത് മ്യൂസിയത്തിന് സംഭാവന നൽകുകയായിരുന്നു.
പുരാവസ്തു കടത്തിന്റെ ശൃംഖല നടത്തുന്ന നാൻസി വീനർ, സുഭാഷ് കപൂർ എന്നിവരെ കേന്ദ്രികരിച്ചു നടക്കുന്ന നിരവധി അന്വേഷണങ്ങളുടെ ഫലമാണ് കലകൾ തിരിച്ചയയ്ക്കാനുള്ള ഈ നടപടി. പുരാവസ്തു ഡീലർ സുഭാഷ് കപൂറും നാൻസി വീനറും ഇപ്പോൾ ജയിലിലാണ്. 2011 ൽ ജർമനിയിൽ അറസ്റ്റിലായതിനു പിന്നാലെ കപൂർ ഇപ്പോൾ തമിഴ്നാട്ടിൽ ശിക്ഷ അനുഭവിക്കുകയാണ്. ഭാവിയിൽ പ്രതിയെ യു. എസിനു കൈമാറിയേക്കും.
ബുധനാഴ്ച ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ സാധനങ്ങൾ ഔപചാരികമായി തിരികെ നൽകി.