വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി 27 കാരിയായ കാരലൈൻ ലാവിറ്റിനെ നിയമിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രചാരണവിഭാഗം വക്താവായിരുന്ന ലാവിറ്റ്, പ്രസ് സെക്രട്ടറിയായി നിയമിതയായാൽ ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകും ഇവർ.
”വൈറ്റ് ഹൗസ് സന്ദേശങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ കാരലൈനു സാധിക്കുമെന്ന് ഉറപ്പുണ്ട്. മികച്ചരീതിയിൽ ആശയവിനിമയം സാധ്യമാകും. അമേരിക്കയെ വീണ്ടും മഹത്തരമാക്കുക” – ട്രംപ് പറഞ്ഞു.
ന്യൂ ഹാംഷെയർ സ്വദേശിയായ ലെവിറ്റ് സ്വന്തം സംസ്ഥാനത്തുള്ള സെന്റ് ആൻസെം കോളേജിൽനിന്ന് കമ്മ്യൂണിക്കേഷനും പൊളിറ്റിക്കൽ സയൻസും പഠിച്ചു. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ അവർ ഫോക്സ് ന്യൂസിലും ട്രംപിന്റെ വൈറ്റ് ഹൗസ് പ്രസ് ഓഫീസിലും ഇന്റേൺഷിപ്പ് നടത്തിയിരുന്നു. ഈ അനുഭവങ്ങളിലൂടെ തനിക്ക് ‘പത്രലോകത്തെ ആദ്യ ആശയങ്ങൾ’ ലഭിച്ചതായി അവർ 2020 ൽ പൊളിറ്റിക്കോയോടു പറഞ്ഞിരുന്നു.
2019 ൽ ബിരുദം നേടിയതിന് തൊട്ടുപിന്നാലെ ലെവിറ്റ് ആദ്യത്തെ ട്രംപ് വൈറ്റ് ഹൗസിനായി പ്രവർത്തിക്കാൻ തുടങ്ങി. ആദ്യം പ്രസിഡൻഷ്യൽ എഴുത്തുകാരിയായും പിന്നീട് അസിസ്റ്റന്റ് പ്രസ് സെക്രട്ടറിയായും പ്രവർത്തിച്ചു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ട്രംപ് ഐക്യരാഷ്ട്രസഭയുടെ അംബാസഡറായി സേവനമനുഷ്ഠിക്കാൻ നാമനിർദേശം ചെയ്ത മുതിർന്ന റിപ്പബ്ലിക്കൻ കോൺഗ്രസ് വനിതയായ എലിസ് സ്റ്റെഫാനിക്കിന്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായിയും ലാവിറ്റ് പ്രവർത്തിച്ചിരുന്നു.