കുപ്രസിദ്ധമായ ഓസ്കാര്‍ രാത്രിയില്‍, അവതാരകനായ ക്രിസ് റോക്കിനെ തല്ലിയ വില്‍ സ്മിത്തിന്റെ അടുത്തെത്തിയതും സമാധാനിപ്പിച്ചതും ഡെന്‍സല്‍ വാഷിംഗ്ടണ്‍ മാത്രമല്ല. നടനും സംവിധായകനുമായ ടൈലര്‍ പെറിയും അദ്ദേഹത്തിന്റെ അടുത്തെത്തിയിരുന്നു. ഇരുവരും ചേര്‍ന്നാണ് സ്മിത്തിന്റെ അടുത്തെത്തി, അദ്ദേഹത്തെ തന്റെ ദേഷ്യത്തില്‍ നിന്ന് കരകയറാന്‍ സഹായിച്ചത്.
തത്സമയ ചടങ്ങിനിടയില്‍ ക്രിസ് റോക്കിനെ തല്ലിയത് മോശമായിപ്പോയി എന്നാണ് ആദ്യം താന്‍ വില്‍ സ്മിത്തിനോട് പറഞ്ഞതെന്ന് വാഷിംഗ്ടണ്‍ പറഞ്ഞു. ‘നിങ്ങളുടെ ഏറ്റവും ഉന്നത നിമിഷത്തില്‍ സൂക്ഷിക്കുക, അപ്പോഴാണ് പിശാച് നിങ്ങളെ തേടി വരുന്നത്.’ എന്നും വാഷിംഗ്ടണ്‍ സ്മിത്തിനോട് പറഞ്ഞിരുന്നു.
18-ഉം 19-ഉം നൂറ്റാണ്ടുകളില്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന ഒരു പുരോഹിതന്, വിശുദ്ധനായ ക്യൂറെ ഡി ആര്‍സ് നല്കുന്ന ഒരു ഉപദേശം കൂടിയാണ് വാഷിംഗ്ടണ്‍ പറഞ്ഞ ആ വാചകം. പിശാച് മനുഷ്യരില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് ധാരാളം അനുഭവസമ്പത്തുള്ള പുഗോഹിതനായിരുന്നു ക്യൂറെ ഡി ആര്‍സ്.
വിവാദമായ അടിയെത്തുടര്‍ന്ന് വില്‍ സ്മിത്തിനെ അക്കാദമിയില്‍ നിന്ന് പുറത്താക്കിയതും, ജാഡ പിങ്കറ്റ് സ്മിത്തുമായി ‘ആത്മീയ യാത്ര’ എന്ന നിലയില്‍ ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയുമൊക്കെയായിരുന്നു പിന്നീടുള്ള വാര്‍ത്തകള്‍. എങ്കിലും മാനവികതയെക്കുറിച്ചുള്ള ഡെന്‍സല്‍ വാഷിംഗ്ടണിന്റെ പാഠം അവിടെ അവസാനിക്കുന്നില്ല.
വില്‍ സ്മിത്ത് അവതാരകനെ അടിച്ച ആ രാത്രി താനും സ്മിത്തും ഒരുമിച്ച് പ്രാര്‍ത്ഥിച്ചതായി വാഷിംഗ്ടണ്‍, ഡെഡ്ലൈന് എന്ന മാധ്യമത്തോട് വിശദീകരിച്ചു. ടൈലര്‍ പെറിയും തങ്ങളോടൊപ്പം പ്രാര്‍ത്ഥനയില്‍ ഒത്തുചേര്‍ന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നാം ആരാണ് മറ്റുള്ളവരെ കുറ്റം വിധിക്കാന്‍?’ അദ്ദേഹം ചോദിക്കുന്നു.
വില്‍ സ്മിത്തിനോട് നിങ്ങള്‍ എന്താണ് പറഞ്ഞതെന്ന് വ്യക്തമായി പറയാമോ എന്നു ചോദിച്ചപ്പോള്‍, അദ്ദേഹം മറുപടി പറഞ്ഞു: ”ചില പ്രാര്‍ത്ഥനകളാണ് ഞങ്ങള്‍ ചൊല്ലിയത്. ഞങ്ങള്‍ എന്താണ് സംസാരിച്ചതെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, ദൈവകൃപയ്ക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു. കാരണം പ്രാര്‍ത്ഥന മാത്രമായിരുന്നു ആ അവസരത്തില്‍ ഏക പരിഹാരം’.
മാനുഷികമായ പ്രതിസന്ധിയുടെ ആ നിമിഷത്തെ ഏറ്റവും ജ്ഞാനപൂര്‍വം വാഷിംഗ്ടണ്‍ നയിച്ചു എന്നുവേണം മനസിലാക്കാന്‍. കോപത്തിന് കീഴടങ്ങിയ വില്‍ സ്മിത്തിനെ സഹായിക്കാന്‍, സമാധാനം പുനഃസ്ഥാപിക്കാന്‍ ദൈവത്തിലേക്ക് തിരിഞ്ഞാല്‍ മാത്രമേ കഴിയൂ എന്ന് മനസിലാക്കിയാണ് വാഷിംഗ്ടണ്‍ അപ്രകാരം ചെയ്തത്.
‘പ്രാര്‍ത്ഥന മറ്റുള്ളവരെ വിധിക്കുന്നതില്‍ നിന്ന് നമ്മെ അകറ്റുകയും സുഹൃത്തുക്കളെന്ന നിലയിലും സഹോദരങ്ങളെപ്പോലെയും സ്നേഹത്തോടെ മറ്റുള്ളവരെ നമ്മിലേയ്ക്ക് അടുപ്പിക്കുകയും ചെയ്യുന്നു. ആ സംഭവം കഴിഞ്ഞു. ഭാവിയിലേക്കായി എല്ലാവര്‍ക്കുമുള്ള ആദ്യ ഉപദേശം പിശാചിന്റെ കുതന്ത്രത്തെക്കുറിച്ച് ജാഗ്രത പാലിക്കുക എന്നതാണ്. രണ്ടാമത്തേത്, പിശാച് ചുറ്റിനടക്കുന്നത് കണ്ടാല്‍ ഉടന്‍ പ്രാര്‍ത്ഥിക്കുക. കാരണം പ്രാര്‍ത്ഥന പിശാചിനെ ഓടിക്കുന്നു. കൂടാതെ നാം ദൈവവുമായി ഒന്നിച്ചാല്‍ അവന് ഒരിക്കലും നമ്മെ പരാജയപ്പെടുത്താന്‍ കഴിയില്ല. പ്രാര്‍ത്ഥന കൂടുതല്‍ ശക്തമാണ്’. വാഷിംഗ്ടണ്‍ വിശദീകരിച്ചു.