യുക്രൈനിലെ പ്രഥമ വനിത ഒലീന സെലെൻസ്ക ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് നന്ദിപറഞ്ഞു. സംഘർഷം ആരംഭിച്ച് ആയിരം ദിവസം തികയുന്നതിന്റെ ഭാഗമായി റോമിൽ നടന്ന വിശുദ്ധ കുർബാനയിലും ഒലീന പങ്കെടുത്തു. നവംബർ 20 നാണ് പ്രസിഡന്റ് സെലെൻസ്കിയുടെ ഭാര്യയും യുക്രൈനിലെ പ്രഥമ വനിതയുമായ ഒലീന സെലെൻസ്ക പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്.
“എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് നന്ദി. നിങ്ങളുടെ ആത്മീയമായ പ്രചോദനത്താലും അഭിലാഷങ്ങളാലും നല്ല പ്രവൃത്തികളാലും യുദ്ധത്തിൽ വിജയിക്കാൻ യുക്രൈനെ സഹായിച്ചതിന്” – ഒലീന പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയ്ക്കുശേഷം യുക്രേനിയൻ കുഞ്ഞുങ്ങൾ ചികിത്സയിൽ കഴിയുന്ന വത്തിക്കാന്റെ കുട്ടികളുടെ ആശുപത്രിയും അവർ സന്ദർശിച്ചു. യുക്രൈനിൽ യുദ്ധം തുടങ്ങിയതിനുശേഷം ആയിരം ദിവസത്തെ അനുസ്മരിക്കുന്നതിനായി വത്തിക്കാനിലെ യുക്രേനിയൻ അംബാസഡർ ആൻഡ്രി യുറാഷ് റോമിലെ ട്രാസ്റ്റെവെറിലെ സാന്താ മരിയ ദൈവാലയത്തിൽ വിശുദ്ധ കുർബാന സംഘടിപ്പിച്ചു.
ഫ്രാൻസിസ് മാർപാപ്പയുടെ, യുക്രൈനിലെ സമാധാനത്തിനായുള്ള പ്രത്യേക ദൂതൻ കർദിനാൾ മത്തിയോ സുപ്പി വിശുദ്ധ കുർബാനയ്ക്കു നേതൃത്വം നൽകി.