വരുംകാലങ്ങളിൽ കുട്ടികളുടെ ജീവിതം കൂടുതൽ ബുദ്ധിമുട്ടേറിയതാകുമെന്ന് മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. നവംബർ 20 ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ്, കാലാവസ്ഥയിലെ തീവ്രമാറ്റങ്ങൾ, ജനതകളുടെ കുടിയേറ്റങ്ങൾ, സാങ്കേതികരംഗത്തുളള അസമത്വങ്ങൾ തുടങ്ങി നിരവധി ഘടകങ്ങൾ പരിഗണിച്ചു നടത്തിയ പഠനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ, ‘ലോകത്ത് കുട്ടികളുടെ സ്ഥിതി’ എന്ന പേരിലുള്ള റിപ്പോർട്ട് യൂണിസെഫ് പുറത്തുവിട്ടത്.
രണ്ടായിരാമാണ്ടിനുശേഷമുള്ള വർഷങ്ങളിൽ കുട്ടികൾ അനുഭവിച്ച ഉഷ്ണക്കാറ്റിനെ അപേക്ഷിച്ച് എട്ടു പ്രാവശ്യം വർധിച്ച ഉഷ്ണക്കാറ്റുകളായിരിക്കും 2050 മുതൽ 2059 വരെയുള്ള കാലത്ത് ജീവിക്കുന്ന കുട്ടികൾ അനുഭവിക്കേണ്ടിവരികയെന്ന് യൂണിസെഫ് അറിയിച്ചു. മഴക്കെടുതികൾമൂലം കുട്ടികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മൂന്നിരട്ടിയായിരിക്കും. മുൻവർഷങ്ങളെക്കാൾ രണ്ടിരട്ടിയോളം കാട്ടുതീ മൂലമുള്ള പ്രശ്നങ്ങളും കുട്ടികൾ അനുഭവിക്കേണ്ടിവരുമെന്ന് ശിശുക്ഷേമനിധി വ്യക്തമാക്കി.
2050 ൽ ആഫ്രിക്കയിലെ കുട്ടികളുടെ എണ്ണം അവിടുത്തെ ജനസംഖ്യയുടെ 40 ശതമാനമായി കുറഞ്ഞേക്കുമെന്നും യൂണിസെഫ് അറിയിച്ചു. 2000 ആണ്ടിനു ശേഷമുള്ള കാലത്ത് ഇത് 50 ശതമാനമായിരുന്നു. കിഴക്കൻ ഏഷ്യയിലും പടിഞ്ഞാറൻ യൂറോപ്പിലും ഇത് 17 ശതമാനത്തിനും കീഴിലായിരിക്കും. മുൻകാലങ്ങളിൽ ഇത് ക്രമപ്രകാരം ഇരുപത്തിയൊൻപതും ഇരുപതും ശതമാനം വീതമായിരുന്നു.
എന്നാൽ, ആരോഗ്യരംഗത്ത് വർധിച്ചുവരുന്ന സൗകര്യങ്ങളുടെയും വിദ്യാഭ്യാസരംഗത്തെ വളർച്ചയുടെയും ഭാഗമായി നവജാതശിശുക്കളുടെ മരണനിരക്ക് കുറഞ്ഞേക്കുമെന്നും വിദ്യാഭ്യാസരംഗത്ത് മെച്ചപ്പെട്ട സ്ഥിതി ഉണ്ടാകുമെന്നും ശിശുക്ഷേമനിധിയുടെ പഠനങ്ങൾ കണക്കുകൂട്ടുന്നു. കഴിഞ്ഞ നൂറു വർഷങ്ങളിൽ കുട്ടികൾക്ക് വിദ്യാഭ്യാസസാധ്യത വർധിച്ചിട്ടുണ്ടെന്നും 2050 ൽ 96% കുട്ടികൾക്കും പ്രഥമവിദ്യാഭ്യാസമെങ്കിലും ലഭിച്ചേക്കുമെന്നും യൂണിസെഫ് അറിയിച്ചു.
കുട്ടികളുടെയും കൗമാരക്കാരുടെയും ആഗോളദിനം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് നവംബർ 20 ബുധനാഴ്ചയാണ്, വരുംകാലങ്ങളിൽ കുട്ടികളുടെ ജീവിതം എപ്രകാരമായിരിക്കും എന്നതിനെപ്പറ്റിയുള്ള ഈ പഠന റിപ്പോർട്ട് ഐക്യരാഷ്ട്ര സഭാസംഘടന പുറത്തുവിട്ടത്.