‘നാളെ’, ‘ഒരു മണിക്കൂറിനുള്ളിൽ’, ‘അടുത്ത ആഴ്ച’ എന്നിവയെക്കുറിച്ച് കൊച്ചുകുട്ടികൾക്ക് വളരെ അവ്യക്തമായ ആശയങ്ങളാണ് ഉള്ളത്. പലപ്പോഴും കുട്ടികൾക്ക് എങ്ങനെയാണ് ഇത് പറഞ്ഞുകൊടുക്കേണ്ടത് എന്ന ധർമസങ്കടം മാതാപിതാക്കൾക്ക് ഉണ്ടാകാറുണ്ട്. അതിനായുള്ള ചില ടിപ്സ് ആണ് ചുവടെ ചേർക്കുന്നത്.
“അമ്മേ, നാളെ നമ്മുടെ വീടിന്റെ മുറ്റത്തെ കിളി ചത്തുകിടക്കുന്നത് കണ്ടായിരുന്നോ?” വീട്ടിലെ കുഞ്ഞുമകന്റെ ഇത്തരത്തിലുള്ള ചോദ്യത്തെ നേരിടാത്ത മാതാപിതാക്കൾ ഉണ്ടാകില്ല. അതിനാൽതന്നെ സമയമെന്ന ആശയത്തെ കുഞ്ഞുങ്ങള്‍ എങ്ങനെ മനസ്സിലാക്കുമെന്നു നമുക്ക് തോന്നിയേക്കാം. ഇതിനൊന്നും വ്യക്തമായ നിർവചനങ്ങൾ നമുക്കും പലപ്പോഴും അറിയില്ല എന്നുള്ളതാണ് സത്യം. അല്ലെങ്കിൽ അത് അവരുടെ കുഞ്ഞുമനസ്സിലേക്ക് സങ്കീർണ്ണതകളില്ലാതെ എങ്ങനെ പറഞ്ഞുകൊടുക്കണമെന്നുള്ള ധർമസങ്കടവുമുണ്ടാകാറുണ്ട്. ആറു വയസ്സുള്ള കുഞ്ഞിന് ഒരിക്കലും പ്രായപൂർത്തിയായവർ മനസ്സിലാക്കുന്നതുപോലെ മനസ്സിലാക്കാനുള്ള കഴിവല്ലല്ലോ ഉള്ളത്.
ദിവസം അടയാളപ്പെടുത്തുന്ന സംഭവങ്ങളുമായി ബന്ധപ്പെടുത്തി സമയത്തെ വിവരിച്ചു കൊടുക്കുക
‘സ്കൂൾ സമയം കഴിഞ്ഞതിനുശേഷം നമുക്ക് കഥാപുസ്തകം വായിക്കാം’ – എന്ന് പറയുന്നതിലൂടെ കുട്ടിക്ക് ഏകദേശം സമയത്തെക്കുറിച്ച് ധാരണ ലഭിക്കും. രാവിലെ, ഉച്ചസമയം, വൈകുന്നേരം എന്ന തിരിച്ചറിവ് ഉണ്ടാക്കപ്പെടുകയിണിവിടെ. ഇടയ്ക്ക് നമ്മുടെ അടുത്തുവന്ന് അപ്പ വരാറായോ എന്ന് ചോദിക്കാറില്ലേ? വന്നുകഴിയുമ്പോൾ എന്തെങ്കിലും നടത്തിക്കൊടുക്കാമെന്ന വാഗ്ദാനത്തിലായിരിക്കും അവരുടെ അപ്പ പോയിട്ടുണ്ടാകുക. അപ്പോൾ പറഞ്ഞുകൊടുക്കാൻ കുറച്ചുകൂടി എളുപ്പമായിരിക്കും. വൈകുന്നേരമാകും, അല്ലെങ്കിൽ ഇരുട്ടാകും എന്നൊക്ക പറയുമ്പോൾ കുട്ടിയുടെ ഉള്ളിലേക്ക് ആ ഒരു ആശയം നാം പകരുകയാണ്. ശനിയാഴ്ച നമുക്ക് പുറത്തുപോകാം, അല്ലെങ്കിൽ ഞായറാഴ്ച നമുക്ക് പള്ളിയിൽ പോകാം എന്നു പറയുമ്പോഴും ഇതുതന്നെയാണ് കുഞ്ഞുങ്ങളിൽ എത്തുന്നത്.
കുട്ടി ഒന്നാം ക്ലാസ്സിൽ എത്തുമ്പോഴേക്കും സമയത്തെ മനസ്സിലാക്കാന്‍ അവരുടെ അവബോധമനസ്സ് തന്നെ ഒരു ശ്രമം നടത്തും. അതിനാൽ, ദിവസങ്ങളും മാസങ്ങളുമടങ്ങുന്ന ചെറിയ കലണ്ടർ സ്വന്തമായി നൽകിത്തുടങ്ങാം. അതുപോലെതന്നെ, ചെറിയ വാച്ചുകളും ടൈം പീസുമൊക്കെ അവർക്ക് നൽകുന്നതിനോടൊപ്പം ഒരു ചെറിയ തിയറി ക്ലാസ്സുകളും അവർക്കായി കൊടുക്കുമ്പോൾ വളരെപ്പെട്ടെന്നുതന്നെ കാര്യങ്ങൾ മനസ്സിലാക്കാൻ അവർക്ക് സാധിക്കുന്നു. കുട്ടികളുടെ ബുദ്ധി വികസിക്കുന്നതിനോടൊപ്പം ഇതുപോലുള്ള കാര്യങ്ങൾ സ്വന്തമായി നൽകിത്തുടങ്ങിയാൽ അവർക്ക് മനസ്സിലാക്കാൻ കുറച്ചുകൂടി എളുപ്പമായിരിക്കും.
കാര്യങ്ങൾ സ്വയം ചെയ്യാൻ കുട്ടികൾ സമയമെടുക്കുമെന്നു മനസ്സിലാക്കുക
കുഞ്ഞുങ്ങളാണ്, ഓരോ കാര്യം ചെയ്യാനും മനസ്സിലാക്കാനും അവർക്ക് മുതിർന്നവരെക്കാൾ സമയം ആവശ്യമാണെന്ന് മനസ്സിലാക്കുക. ഒരു സമയം നൽകി അതിനുളിൽ അവരോട് ചെയ്തുതീർക്കാൻ ആവശ്യപ്പെടുന്നത് ഒരു ടൈം മാനേജ്‌മന്റ് ടെക്‌നിക് ആണെങ്കിലും തീരെ ചെറിയ കുഞ്ഞുങ്ങൾക്ക് ചിലപ്പോഴൊങ്കിലും ഇതൊക്കെ ഒരു മാനസികസമ്മർദം ഉണ്ടാക്കും. അതുകൊണ്ടുതന്നെ ചെയ്യുന്ന പ്രവർത്തികൾക്ക് പൂർണ്ണതയുണ്ടാകാനാണ് നാം ആദ്യം അവരെ ശീലിപ്പിക്കേണ്ടത്. സമയമെടുത്തിട്ടായാലും കാര്യങ്ങൾ വൃത്തിയായി ചെയ്യാൻ അവരെ പഠിപ്പിക്കാം. പിന്നീടാകട്ടെ, സമയത്തെക്കുറിച്ചുള്ള ട്രെയിനിങ്.
സമയത്തിന്റെ മൂല്യം കുട്ടികളെ പഠിപ്പിക്കാൻ മറക്കരുത്
സമയമെന്നത് വളരെ വിലപ്പെട്ടതും ഒരിക്കലും നമുക്ക് തിരിച്ചുകിട്ടാത്തതുമാണെന്ന് അവരെ പഠിപ്പിക്കണം. അത്, ജീവിതത്തിലെ ചില അനുഭവങ്ങൾ പറഞ്ഞുകൊണ്ട് നമുക്ക് അവരെ ബോധ്യപ്പെടുത്താവുന്നതാണ്. ചെയ്യാവുന്നതിൽ ഏറ്റവും നല്ലത് ഇന്ന് തന്നെ ചെയ്തുതീർക്കുക, നാളെ അതിനെക്കാൾ മെച്ചമായത് ചെയ്യാം എന്ന ധാരണ കുട്ടികളിൽ ഉരുത്തിരിയണം. സമയം ഒരിക്കലും ആർക്കുവേണ്ടിയും കാത്തുനിൽക്കുന്നില്ലെന്നും അത് മനസ്സിലാക്കി പ്രവർത്തിക്കുന്നവർക്കേ ജീവിതത്തിൽ വിജയം നേടാൻ സാധിക്കുകയുള്ളൂ എന്നും മനസ്സിലാക്കിയിരിക്കണം. പിന്നെ, സമയത്തിന്റെ മാത്രമല്ല ഏതൊരു കാര്യത്തിലും മാതാപിതാക്കൾ തന്നെയാണ് മക്കളുടെ മാതൃക എന്നും ഓർമയിൽ വയ്ക്കുക.