കാലാവസ്ഥാ പ്രതിസന്ധിയുടെ വർദ്ധിച്ചുവരുന്ന ആഘാതങ്ങളെ നേരിടാൻ ദരിദ്ര രാജ്യങ്ങൾക്ക് 2035 ഓടെ പ്രതിവർഷം 300 ബില്യൺ ഡോളർ നൽകുമെന്ന കരാറിൽ സമ്പന്ന രാജ്യങ്ങൾ ഒപ്പുവച്ചു. ശനിയാഴ്ച അസർബൈജാനിലെ ബാക്കുവിൽ നടന്ന COP29-ൽ ആണ് പുതിയ കാലാവസ്ഥാ കരാറിന് ലോക രാജ്യങ്ങൾ ധാരണയിലെത്തിയത്. എന്നാൽ, പല വികസ്വര രാജ്യങ്ങളും തുക വളരെ അപര്യാപ്തമാണെന്ന് വിമർശിച്ചു.
ബഹിഷ്കരണങ്ങൾ, രാഷ്ട്രീയ കോലാഹലങ്ങൾ എന്നിവയാൽ അരാജകത്വത്തിലേക്ക് വലിച്ചെറിയപ്പെട്ട ഉച്ചകോടിയിൽ രണ്ടാഴ്ചയിലേറെ നീണ്ട അഭിപ്രായ ഭിന്നതകൾക്കും ചർച്ചകൾക്കും ശേഷമാണ് കരാറിൽ എത്തിച്ചേർന്നത്.
ചെറിയ ദ്വീപ് സംസ്ഥാനങ്ങളെയും അവികസിത രാജ്യങ്ങളെയും പ്രതിനിധീകരിക്കുന്ന ഗ്രൂപ്പുകൾ ശനിയാഴ്ച ചർച്ചകളിൽ നിന്ന് ഇറങ്ങിപ്പോയത് കാര്യങ്ങൾ കൈവിട്ട് പോകുമെന്നതിന്റെ വക്കുവരെ എത്തിയിരുന്നു. പിന്നീട് ഡെഡ്ലൈന് 30 മണിക്കൂറുകൾക്ക് ശേഷമാണ് 200 ഓളം രാജ്യങ്ങൾ തമ്മിലുള്ള കരാറിൽ ധാരണയായത്.
300 ബില്യൺ ഡോളർ വരുന്ന തുക ദുർബല – ദരിദ്ര രാഷ്ട്രങ്ങൾക്ക് വിനാശകരമായ കാലാവസ്ഥയെ നേരിടാനും അവരുടെ സമ്പദ്വ്യവസ്ഥയെ ക്ളീൻ എനർജിയിലേക്ക് മാറ്റാനും സഹായിക്കും.
ധാരണയിലെത്തുക എന്നത് ദുഷ്കരമായ യാത്രയായിരുന്നു. എങ്കിലും കരാറിൽ എത്തിച്ചേരാൻ സാധിച്ചു. കാലാവസ്ഥാ ആഘാതങ്ങൾ എല്ലാ രാജ്യങ്ങളെയും ബാധിക്കുന്നതിനിടയിൽ ഈ പുതിയ സാമ്പത്തിക ലക്ഷ്യം മാനവികതയ്ക്കുള്ള ഒരു ഇൻഷുറൻസ് പോളിസിയാണ് എന്നാണ് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ കൺവെൻഷൻ്റെ തലവൻ സൈമൺ സ്റ്റീൽ പ്രതികരിച്ചത്.