യുക്രൈനെ ആക്രമിക്കാൻ റഷ്യ ഉപയോഗിച്ച ബാലിസ്റ്റിക് മിസൈലുകളിൽ മൂന്നിലൊന്നും ഉത്തര കൊറിയൻ ആയുധങ്ങളാണെന്നും അവ നിർമിച്ചിരിക്കുന്നത് പാശ്ചാത്യരാജ്യങ്ങളിൽ നിർമിച്ച സർക്യൂട്ടറികൾ ഉപയോഗിച്ചാണെന്നും വെളിപ്പെടുത്തി യുക്രേനിയൻ സൈനിക ഉദ്യോഗസ്ഥർ.
ഈ വർഷം റഷ്യ യുക്രൈനുനേരെ 60 ഉത്തര കൊറിയൻ KN-23 മിസൈലുകൾ ഉപയോഗിച്ചതായി യുക്രേനിയൻ പ്രതിരോധ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. 2024 ൽ ഇതുവരെ തൊടുത്തുവിട്ട 194 ബാലിസ്റ്റിക് മിസൈലുകളിൽ മൂന്നിലൊന്നാണ് ഇത്. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളിൽ വർധനവുണ്ടായത്.
ക്രൂയിസ് മിസൈലുകളെക്കാൾ കൂടുതൽ ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ യുക്രൈനെ ആക്രമിക്കാൻ ഉപയോഗിക്കുന്നത്. റഷ്യയുടെ കുർസ്ക് മേഖലയിൽ വിന്യസിച്ചിരിക്കുന്ന 11,000 ഉത്തര കൊറിയൻ സൈനികർ ഉൾപ്പെടെ റഷ്യക്കുള്ള ഉത്തര കൊറിയയുടെ വർധിച്ചുവരുന്ന പിന്തുണയുടെ ഭാഗമാണ് ഈ ബാലിസ്റ്റിക് മിസൈലുകൾ.
ആക്രമണത്തിൽ ഉത്തര കൊറിയൻ മിസൈലുകളുടെ പങ്ക് വ്യക്തമാകുമ്പോൾ, ആയുധ അവശിഷ്ടങ്ങളിലെ പഠനങ്ങളിൽനിന്നും വ്യക്തമാകുന്നത് ഉത്തര കൊറിയൻ മിസൈലുകളിൽ യു. എസ്., യൂറോപ്യൻ നിർമിത അല്ലെങ്കിൽ രൂപകൽപന ചെയ്ത സർക്യൂട്ടറിയുടെ ഉപയോഗമാണ്.
സിവിൽ സൊസൈറ്റി ഓർഗനൈസേഷനായ യുക്രൈനിലെ ഇൻഡിപെൻഡന്റ് ആന്റി കറപ്ഷൻ കമ്മീഷൻ (NAKO) അടുത്തിടെ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം ഉത്തര കൊറിയൻ മിസൈലുകളിൽ ഉപയോഗിക്കുന്ന നിർണ്ണായകഘടകങ്ങൾ നിർമിക്കുന്നത് യുണൈറ്റഡ് സ്റ്റേറ്റ്സ്, നെതർലാൻഡ്സ്, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിൽനിന്നുള്ള കമ്പനികൾ ഉൾപ്പെടെയുള്ള ഒമ്പത് പാശ്ചാത്യ നിർമാതാക്കളാണ്.
“ഒരു മിസൈലിനെ പറക്കാനും ലക്ഷ്യത്തിലേക്കു നയിക്കാനും പ്രവർത്തിക്കുന്ന എല്ലാ ഇലക്‌ട്രോണിക് ഘടകങ്ങളും വിദേശനിർമിതമാണ്. അതിൽ ഉത്തര കൊറിയൻ ഉപകരണങ്ങൾ ഒന്നുമില്ല” – കൈവിലെ സയന്റിഫിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് എക്‌സ്‌പെർട്ടൈസിന്റെ മിലിട്ടറി റിസർച്ച് ലബോറട്ടറി മേധാവി ആൻഡ്രി കുൽചിറ്റ്‌സ്‌കി പറഞ്ഞു.
യു. കെ. ആസ്ഥാനമായുള്ള അന്വേഷണ സംഘടനയായ കോൺഫ്ലിക്റ്റ് ആർമമെന്റ് റിസർച്ച് (CAR) ഈ വർഷമാദ്യം പുറത്തുവിട്ട ഒരു റിപ്പോർട്ട് പ്രകാരം ഉക്രൈനെ ആക്രമിക്കാൻ ഉപയോഗിച്ച ആദ്യത്തെ ഉത്തര കൊറിയൻ മിസൈലുകളിൽ 75% ഘടകങ്ങളും യു. എസ്. ആസ്ഥാനമായുള്ള കമ്പനികളുടേതാണെന്ന് കണ്ടെത്തിയിരുന്നു.