യു. എ. ഇ. യിൽനിന്നും കാണാതായ ഇസ്രായേലി റബ്ബിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി വെളിപ്പെടുത്തി ഇസ്രായേലി അധികൃതർ. ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസും വിദേശകാര്യ മന്ത്രാലയവും സംയുക്തമായ പ്രസ്താവനയിലാണ് പൗരനും റബ്ബിയുമായ സ്വി കോഗന്റെ മൃതദേഹം യു. എ. ഇ. അധികൃതർ കണ്ടെത്തിയതായി അറിയിച്ചത്. ഇസ്രായേലിനെ കൂടാതെ കോഗന് മോൾഡോവൻ പൗരത്വവുമുണ്ട്.
നിരവധി രാജ്യങ്ങളിൽ കമ്മ്യൂണിറ്റികളും സിനഗോഗുകളും മറ്റ് സ്ഥാപനങ്ങളുമുള്ള ഹസിഡിക് ജൂതന്മാരുടെ മതപ്രസ്ഥാനമായ ചബാദിന്റെ പ്രതിനിധിയായ സ്വി കോഗനെ വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ് കാണാതായത്. ചബാദിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങൾപ്രകാരം അദ്ദേഹത്തെ ദുബായിൽനിന്നാണ് തട്ടിക്കൊണ്ടുപോയത്.
കോഗന്റെ കൊലപാതകം ഒരു ഹീനമായ യഹൂദവിരുദ്ധ തീവ്രവാദ പ്രവർത്തനമാണെന്നും കുറ്റകൃത്യം ചെയ്തവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ ഇസ്രായേൽ ഭരണകൂടം എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്നും അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
കോഗന്റെ കൊലപാതകികളെയും അതിനുപിന്നിൽ പ്രവർത്തിച്ചവരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ ഇസ്രായേൽ എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ആവർത്തിച്ചു. കോഗൻ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം ഇസ്രായേൽ പൗരന്റെ കൊലപാതകം ഹീനവും യഹൂദവിരുദ്ധവുമായ ഭീകരപ്രവർത്തനമാണെന്നും കൂട്ടിച്ചേർത്തു.
കോഗന്റെ മരണത്തെ തുടർന്ന് ഇസ്രായേൽ അധികൃതർ തങ്ങളുടെ പൗരന്മാർക്കുള്ള യാത്രാനിർദേശം പുറപ്പെടുവിച്ചു. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നുമാണ് നിർദേശം.