Monday, November 25, 2024

ആദ്യമായി കോവിഡ് കേസ് സ്ഥിരീകരിച്ച് ഉത്തരകൊറിയ; രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച് കിം ജോംഗ് ഉന്‍

ഉത്തരകൊറിയയിലെ പ്യോങ്യാങ് പ്രവിശ്യയില്‍ ഒമിക്രോണ്‍ വ്യാപനം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ലീഡര്‍ കിം ജോങ് ഉന്‍ രാജ്യവ്യാപകമായ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ മറികടന്നുണ്ടായ ആരോഗ്യഅടിയന്തരാവസ്ഥയായി ഈ ആദ്യകേസിനെ കണക്കാക്കി കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും എന്ന സൂചനയും കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി നല്‍കി.

എന്നാല്‍, രണ്ടരക്കോടി ജനങ്ങള്‍ കഴിയുന്ന ഉത്തര കൊറിയയില്‍ നിരവധി പേര്‍ക്ക് ഇതിനോടകം തന്നെ കോവിഡ് ബാധ ഉണ്ടെന്നാണ് ആരോഗ്യനിരീക്ഷകരുടെ അഭിപ്രായം. 2020 -ല്‍ കോവിഡ് വ്യാപനമുണ്ടായപ്പോള്‍ മുതല്‍ ഉത്തര കൊറിയ സ്വീകരിച്ചിട്ടുള്ള ഒരേയൊരു പ്രതിരോധ മാര്‍ഗം അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചിടുക എന്നത് മാത്രമാണ്. ചരക്കു ഗതാഗതം പോലും ഈ സമയത്ത് നിരോധിക്കപ്പെട്ടത് കടുത്ത ആവശ്യവസ്തുക്ഷാമത്തിനും കാരണമായിട്ടുണ്ട്.

അന്താരാഷ്ട്ര ഏജന്‍സികള്‍ വാക്‌സിന്‍ നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടും ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കിം ജോങ് ഉന്‍ വിസമ്മതിച്ചിരുന്നു. ഈ സാഹചര്യത്തില്‍, വളരെ വലിയൊരു കോവിഡ് വ്യാപനത്തിന്റെ ഭീഷണിയിലാണ് കൊറിയയിലെ ജനങ്ങള്‍ എന്ന മുന്നറിയിപ്പാണ് അന്താരാഷ്ട്ര ആരോഗ്യ ഏജന്‍സികള്‍ നല്‍കുന്നത്.

 

Latest News