രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് പുനരാരംഭിച്ച സുന്നി-ഷിയാ അക്രമത്തിൽ എൺപതിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഫ്ഗാൻ അതിർത്തിക്കടുത്തുള്ള ഗോത്ര ജില്ലയായ കുറ്രാമിൽ മൂന്നുദിവസം നീണ്ടുനിന്ന പോരാട്ടത്തിൽ 156 പേർക്ക് പരിക്കേറ്റു. ഇതിനെ തുടർന്ന് ഏഴു ദിവസത്തെ വെടിനിർത്തൽ ചർച്ച നടത്തിയതായി പാക്കിസ്ഥാൻ അധികൃതർ പറയുന്നു.
വ്യാഴാഴ്ച പൊലീസ് അകമ്പടിയോടെ പ്രശ്നബാധിത പ്രദേശത്തുകൂടി സഞ്ചരിച്ചിരുന്ന ഷിയാ മുസ്ലിംകളുടെ വാഹനവ്യൂഹത്തെ തോക്കുധാരികൾ ആക്രമിച്ചതോടെയാണ് അക്രമം ആരംഭിച്ചത്. ആ സംഭവത്തിൽ നാൽപതിലധികം പേർ കൊല്ലപ്പെട്ടു. ഇതിനെത്തുടർന്നാണ് വലിയ രീതിയിൽ അക്രമം ആരംഭിച്ചത്. പതിറ്റാണ്ടുകളായി ഗോത്ര – വിഭാഗീയ ശത്രുതയിലാണ് പാക്കിസ്ഥാനിലെ ഷിയ – സുന്നി മുസ്ലീങ്ങൾ.
അക്രമം അവസാനിപ്പിക്കാൻ ഷിയാ – സുന്നി നേതാക്കൾ സമ്മതിച്ചതായി ഞായറാഴ്ച നടന്ന ചർച്ചകൾക്കുശേഷം പാക്കിസ്ഥാൻ സർക്കാർ വക്താവ് മുഹമ്മദ് അലി സെയ്ഫ് പറഞ്ഞതായി റോയിട്ടേഴ്സും മറ്റ് അന്താരാഷ്ട്ര വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തു.