Monday, November 25, 2024

കുറ്റപ്പെടുത്തലുകൾ കുഞ്ഞുങ്ങളുടെ മുൻപിൽ വച്ചാകരുത്! ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

“അവന് എപ്പോഴും രോഗമാ; ഇനി അവന് സ്കൂളിൽ പോകാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല, അവളൊരു മടിച്ചിയാ; ഒരു ജോലിയും ചെയ്യില്ല. പഠിക്കുകയുമില്ല, അനുസരണയുമില്ല…” കുട്ടികളുടെ സാന്നിധ്യത്തിൽ മാതാപിതാക്കൾ പലപ്പോഴും എടുത്തിടുന്ന കുറ്റപ്പെടുത്തലുകൾ ഇങ്ങനെ നീളുന്നു. മക്കൾക്കുനേരെ പരാതികളും കുറ്റപ്പെടുത്തലുകളും ഉന്നയിക്കുകയും ആരോപിക്കുകയും ചെയ്യുമ്പോൾ പല മാതാപിതാക്കളും, തങ്ങളുടെ വാക്കുകൾ കുട്ടികൾ ശ്രദ്ധിക്കുന്നുണ്ടെന്നും അത് അവരെ സ്വാധീനിക്കുന്നുണ്ടെന്നുമുള്ള സത്യം മറന്നുപോകുന്നു.

കാണാനും കേൾക്കാനും മനസ്സിലാക്കാനും കഴിയുന്ന മനുഷ്യരാണ് കുട്ടികളും. മാതാപിതാക്കൾ തങ്ങളെക്കുറിച്ച് എന്താണ് പറയുന്നത്, എങ്ങനെയാണ് അത് പ്രകടിപ്പിക്കുന്നത് എന്നതൊക്കെ കുട്ടികളെ ആഴത്തിൽ സ്വാധീനിക്കുന്നുണ്ട് എന്നതാണ് സത്യം. കുറ്റപ്പെടുത്തലുകൾ കുഞ്ഞുങ്ങളുടെ മുന്നിൽവച്ചാകുമ്പോൾ അതിന് ചില ദൂഷ്യവശങ്ങളുണ്ട്. അവ എന്താണെന്നു നോക്കാം; തിരുത്തലുകൾ വരുത്താം.

കുട്ടികൾ കാണുകയും കേൾക്കുകയും ചെയ്യുന്നു

മുതിർന്നവർ, മറ്റുള്ളവരുടെ വാക്കുകളും കുറ്റപ്പെടുത്തലുകളുമൊക്കെ അവരുടെ സ്വകാര്യ ഇഷ്ടങ്ങളും തീരുമാനങ്ങളുമാണെന്നുപറഞ്ഞ് തള്ളിക്കളയുകയോ, അതുമല്ലെങ്കിൽ പറയുന്ന ആൾക്ക് മര്യാദയില്ലെന്നുപറഞ്ഞ് അവഗണിക്കുകയോ ചെയ്യും. എന്നാൽ മുതിർന്നവരിൽനിന്നു വ്യത്യസ്‌തമായി, നിന്ദ്യമായ പരാമർശങ്ങൾ അവഗണിക്കാനുള്ള മാർഗങ്ങൾ കുട്ടികൾക്കറിയില്ല. പകരം, മാതാപിതാക്കൾ കുട്ടികളെക്കുറിച്ച് അവരുടെ സാന്നിധ്യത്തിൽ പറയുന്ന ഓരോ കുറ്റപ്പെടുത്തലുകളും അവരുടെ മനസ്സിനോട് എളുപ്പത്തിൽ പറ്റിനിൽക്കുകയും അവർ തങ്ങളെത്തന്നെ എങ്ങനെ കാണുന്നുവെന്നതിനെ സ്വാധീനിക്കുകയും ചെയ്യുന്നു.

സ്നേഹത്തിനു യോഗ്യരല്ലാത്തവരും മാതാപിതാക്കളുടെ ഭാരവും

മാതാപിതാക്കൾ തങ്ങളെക്കുറിച്ച് നിരന്തരം പരാതിപ്പെടുന്നതു കേൾക്കുന്ന കുട്ടികൾ, മാതാപിതാക്കൾക്ക് തങ്ങൾ ഒരു ഭാരമാണ് എന്ന് സ്വയം ചിന്തിക്കാൻ തുടങ്ങുന്നു. മാതാപിതാക്കളുടെ കഷ്ടപ്പാടുകൾക്ക് തങ്ങളാണ് കാരണമെന്നു ചിന്തിക്കുന്ന കുട്ടികൾ തങ്ങളെത്തന്നെ വെറുത്തുതുടങ്ങുന്നു, തങ്ങൾ സ്നേഹത്തിനു യോഗ്യരല്ലെന്നു ചിന്തിക്കുന്നു. അവരുടെ ആരോഗ്യത്തെപ്പോലും ഇത് പ്രതികൂലമായി ബാധിക്കുന്നു. മാതാപിതാക്കളെ പ്രീതിപ്പെടുത്താൻ തങ്ങൾ കഠിനമായി ശ്രമിക്കേണ്ടതുണ്ടെന്നും മാതാപിതാക്കളുടെ സ്നേഹം അസ്ഥിരമാണെന്നുമുള്ള ഒരു തോന്നൽ ഇത്തരത്തിലുള്ള ചിന്തകൾ അവരുടെ ഉള്ളിൽ ജനിപ്പിക്കുന്നു.

സ്നേഹത്തിന്റെ സുരക്ഷിതത്വവും ഉറപ്പും

മാതാപിതാക്കളുടെ കുറ്റപ്പെടുത്തലുകൾ കുട്ടികളുടെ ആത്മവിശ്വാസത്തെ തകർക്കുന്നു. അത് അവരിൽ ബഹുമാനത്തിനും സ്നേഹത്തിനുംവേണ്ടിയുള്ള ആഗ്രഹം അവശേഷിപ്പിക്കുന്നു. എപ്പോഴും പരസ്യമായ കുറ്റപ്പെടുത്തലുകൾ ഏൽക്കേണ്ടിവരുന്ന കുഞ്ഞുങ്ങൾക്ക്, മറ്റുള്ളവർ കുറ്റപ്പെടുത്തുമ്പോഴും മോശമായ പരാമർശങ്ങൾ നടത്തുമ്പോഴും അത് മനസ്സിലാക്കാൻ കഴിയാതെവരുന്നു. അതുകൊണ്ട്, നമ്മുടെ കുട്ടികൾ നമ്മെ വീർപ്പുമുട്ടിക്കുമ്പോൾ അവിടെ നിന്നുമാറി മറ്റെവിടെയെങ്കിലും നമ്മുടെ മനോസംഘർഷം അഴിച്ചുവിടുന്നതാണ് നല്ലത്. അത്തരം നിമിഷങ്ങളിൽ, നിരാശയും ദേഷ്യവും പങ്കുവയ്ക്കാൻ കഴിയുന്ന മുതിർന്ന ഒരാളുടെ സഹായവും തേടാം.

കുട്ടികളുടെ വാശിയും വഴക്കും നമ്മെത്തന്നെ തളർത്തിക്കളയുന്ന അവസ്ഥയിലേക്ക് നയിക്കാതിരിക്കാൻ ആവശ്യമായ പിന്തുണയുണ്ടെന്ന് ഉറപ്പാക്കേണ്ടതും പ്രധാനമാണ്. അതുവഴി നമ്മുടെ കുട്ടികൾക്ക് എന്താണ് തോന്നുന്നതെന്നും എന്താണ് വേണ്ടതെന്നും നമുക്ക് ചിന്തിക്കാനാകും. എല്ലാറ്റിനുമുപരിയായി കുട്ടികളിൽ വളർത്തിയെടുക്കേണ്ടത് സുരക്ഷിതത്വബോധവും നമ്മൾ അവരെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു എന്ന തിരിച്ചറിവുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News