Monday, November 25, 2024

നാറ്റോയില്‍ ചേരാന്‍ ഫിന്‍ലന്‍ഡ് ഉടന്‍ അപേക്ഷ നല്‍കും

പാശ്ചാത്യ സൈനികസഖ്യമായ നാറ്റോയില്‍ ചേരാനുറച്ച് ഫിന്‍ലന്‍ഡ്. പാര്‍ലമെന്റിന്റെ അനുമതി ലഭിച്ചശേഷം ഞായറാഴ്ച അന്തിമതീരുമാനം പ്രഖ്യാപിക്കും. ജനങ്ങള്‍ പിന്തുണ നല്കണമെന്ന് പ്രസിഡന്റ് സൗളി നിനിസ്റ്റോയും സന്നാ മാര്‍ട്ടിനും സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

റഷ്യ യുക്രെയ്‌നില്‍ അധിനിവേശം ആരംഭിച്ചതിനു ശേഷമാണ് നാറ്റോയില്‍ ചേരുന്നതിനെക്കുറിച്ച് ഫിന്‍ലന്‍ഡ് ആലോചിച്ചത്. റഷ്യയുമായി 1,300 കിലോമീറ്റര്‍ അതിര്‍ത്തി ഫിന്‍ലാന്‍ഡിനുണ്ട്. രണ്ടാം ലോകമഹായുദ്ധത്തില്‍ സോവിയറ്റ് യൂണിയനെ നേരിട്ട ഫിന്‍ലന്‍ഡിന് സമാധാന ധാരണയില്‍ പത്തു ശതമാനം ഭൂമി നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ നാറ്റോ രൂപീകൃതമായപ്പോള്‍ അതില്‍ ചേരാതെ നിഷ്പക്ഷത പാലിക്കുകയാണ് അവര്‍ ചെയ്തത്.

ഫിന്നിഷ് ജനതയും നാറ്റോയില്‍ ചേരുന്നതിനോടു താത്പര്യപ്പെട്ടിരുന്നില്ല. എന്നാല്‍ റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിനു ശേഷം നടന്ന അഭിപ്രായസര്‍വേയില്‍ നാറ്റോയില്‍ ചേരുന്നതിനെ അനുകൂലിച്ചത് 76 ശതമാനം പേരാണ്. സ്വീഡനും നാറ്റോയില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. അവരുടെ അന്തിമ തീരുമാനവും ഞായറാഴ്ചയുണ്ടാകും. ഇരു രാജ്യങ്ങളുടെയും അപേക്ഷ വേഗത്തില്‍ പരിഗണിക്കുമെന്ന് നാറ്റോ വ്യക്തമാക്കിയിട്ടുണ്ട്.

 

Latest News