Tuesday, November 26, 2024

കർദിനാൾ മിഗുവൽ ഏഞ്ചൽ അയുസോ ഗ്വിക്സോട്ട് അന്തരിച്ചു

സ്പാനിഷ് വംശജനും മതാന്തരസംവാദത്തിനുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റുമായ കർദിനാൾ മിഗുവൽ ഏഞ്ചൽ ആയുസോ ഗുയ്‌സോട്ട് അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായ അദ്ദേഹത്തിന് 72 വയസ്സായിരുന്നു.

കർദിനാൾ അയുസോ, തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും മുസ്ലീം മതവുമായുള്ള സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിനായി നീക്കിവച്ചു. 2019 ൽ അബുദാബിയിൽ ഒപ്പുവച്ച, ഫ്രാൻസിസ് മാർപാപ്പയുടെ ‘ലോകസമാധാനത്തിനും ഒരുമിച്ചു ജീവിക്കാനും വേണ്ടിയുള്ള മനുഷ്യസാഹോദര്യത്തെക്കുറിച്ചുള്ള പ്രമാണത്തിൽ’ ഒരു പ്രധാന പങ്ക് വഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. വത്തിക്കാനിൽ സന്ദർശനത്തിനെത്തിയ അന്താരാഷ്ട്ര ജൈനപ്രതിനിധികളോട്, കർദിനാളിനുവേണ്ടി പ്രാർഥിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടിരുന്നു.

മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളിലേക്കുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്രപരമായ സന്ദർശനങ്ങളിൽ അദ്ദേഹം പങ്കെടുത്തു. ആദ്യം മതാന്തരസംവാദത്തിനുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ സെക്രട്ടറിയായും 2019 ഒക്ടോബറിനുശേഷം ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടായും സേവനമനുഷ്ഠിച്ചു. സന്ദർശനങ്ങളിൽ 2019 ൽ യു. എ. ഇ. യും മൊറോക്കോയും തുടർന്ന് 2021 ൽ ഇറാഖും 2022 ൽ കസാഖിസ്ഥാനും ബഹ്‌റൈനും സന്ദർശിച്ചു.

1952 ജൂൺ 17 ന് സ്‌പെയിനിലെ സെവില്ലയിൽ ജനിച്ച കർദിനാൾ അയുസോ, ഒൻപതു മക്കളിൽ അഞ്ചാമനായിരുന്നു. സെവില്ലെ സർവകലാശാലയിൽ അദ്ദേഹം ആദ്യം നിയമം പഠിച്ചെങ്കിലും ദൈവവിളി സ്വീകരിച്ച് വൈദികനായി. 1982 ൽ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അറബിക് ആൻഡ് ഇസ്ളാമിക് സ്റ്റഡീസിൽ (പിസായ്) ലൈസൻസ് നേടി, പിന്നീട് 2000 ൽ ഗ്രാനഡ യൂണിവേഴ്‌സിറ്റിയിൽനിന്ന് ഡോഗ്മാറ്റിക് തിയോളജിയിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം റോമിൽ തുടർപഠനം നടത്തി.

പഠനത്തെത്തുടർന്ന് കർദിനാൾ അയുസോ 1982 മുതൽ 2002 വരെ ഈജിപ്തിലും സുഡാനിലും മിഷനറി പ്രവർത്തനം ആരംഭിച്ചു. ഈ സമയത്ത് അദ്ദേഹം കെയ്‌റോയിൽ ഒരു ഇടവക വികാരിയായി സേവനമനുഷ്ഠിക്കുകയും സുഡാനിലെ എൽ-ഒബൈദ് രൂപതയിൽ ഒരു മതബോധനകേന്ദ്രം നയിക്കുകയും ചെയ്തു. 1989 മുതൽ കാർട്ടൂമിലും പിന്നീട് കെയ്‌റോയിലും ഇസ്ളാമോളജി പഠിപ്പിച്ചു. 2006 ൽ അദ്ദേഹം റോമിലെ പിസായിയുടെ പ്രസിഡന്റായി, ഇസ്ളാമികപഠനത്തിൽ വിദഗ്ദ്ധൻ എന്ന തന്റെ പ്രശസ്തി ഉറപ്പിച്ചു.

മതാന്തരസംവാദത്തിലുള്ള കർദിനാൾ അയുസോയുടെ വൈദഗ്‌ദ്ധ്യം, 2007 ൽ മതാന്തരസംവാദത്തിനുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ കൺസൾട്ടറായി അദ്ദേഹത്തെ നിയമിക്കുന്നതിനു കാരണമായി. 2012 ൽ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ മതാന്തരസംവാദത്തിനുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ സെക്രട്ടറിയായി നിയമിച്ചു. 2016 ൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ ലുപ്പർസിയാനയിലെ ആർച്ച്ബിഷപ്പും ടൈറ്റുലർ ബിഷപ്പുമായി നിയമിച്ചു. 2019 ൽ അദ്ദേഹത്തെ മതാന്തരസംവാദത്തിനുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ പ്രസിഡന്റായി നിയമിച്ചു. അതേ വർഷം ഒക്ടോബറിൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ കർദിനാൾ പദവിയിലേക്ക് ഉയർത്തി.

കെയ്‌റോയിലെ അൽ-അസ്ഹർ യൂണിവേഴ്‌സിറ്റിയിലെ ഗ്രാൻഡ് ഇമാം അഹമ്മദ് എൽ-തയേബുമായി സംഭാഷണം പുനരാരംഭിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിർണ്ണായകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News