ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിന്റെ പൂർണ്ണനിയന്ത്രണത്തിനായുള്ള സായുധസംഘങ്ങളുടെ പോരാട്ടത്തെ തുടർന്ന് കഴിഞ്ഞ പത്തു ദിവസങ്ങൾക്കുള്ളിൽ നാൽപതിനായിരത്തിലധികം ആളുകൾ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തു.
ആയുധധാരികളായ സംഘങ്ങളുടെ നിയന്ത്രണത്തിലാണ് നഗരത്തിന്റെ 80 ശതമാനവും. കെനിയൻ നേതൃത്വത്തിലുള്ള അന്താരാഷ്ട്രസേന നഗരത്തിലുണ്ടെങ്കിലും സാധാരണക്കാർക്കെതിരെയുള്ള ആക്രമണങ്ങൾ വർധിക്കുകയാണ്. പോർട്ട്-ഓ-പ്രിൻസിൽ വർധിച്ചുവരുന്ന അക്രമത്തിൽ കുറഞ്ഞത് 150 പേർ കൊല്ലപ്പെടുകയുണ്ടായി. അതോടെ ഈ വർഷം ഹെയ്തിയിൽ മരിച്ചവരുടെ എണ്ണം 4,500 ആയി ഉയർന്നതായി ഐക്യരാഷ്ട്രസഭ കഴിഞ്ഞയാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഏഴു ലക്ഷത്തിലധികം ആളുകൾ ഹെയ്തിയിൽനിന്നും പലായനം ചെയ്തതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
“ഹെയ്തിയുടെ തലസ്ഥാനത്തെ ഏറ്റവും പുതിയ അക്രമപരമ്പര, കൂടുതൽ മോശമായ കാര്യങ്ങൾ വരാനിരിക്കുന്നു എന്നതിന്റെ സൂചനയാണ്” എന്ന് യു. എൻ. അവകാശ മേധാവി വോൾക്കർ തുർക്ക് പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.