Monday, November 25, 2024

സൂര്യനേക്കാള്‍ നാലിരട്ടി ഗുരുത്വാകര്‍ഷണ ശക്തി; ക്ഷീരപഥത്തിലെ മഹാ തമോഗര്‍ത്തത്തിന്റെ അപൂര്‍വ്വ ചിത്രമെടുത്ത് ശാസ്ത്രജ്ഞര്‍

തമോഗര്‍ത്തത്തിന്റെ അത്യപൂര്‍വ്വ ചിത്രമെടുക്കുന്നതില്‍ വിജയിച്ച് ശാസ്ത്രലോകം. ക്ഷീരപഥത്തിലെ മഹാതമോഗര്‍ത്തമെന്ന് അറിയപ്പെടുന്ന മേഖലയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. 27000 പ്രകാശവര്‍ഷം അകലെയുള്ള സഗാറ്റാരിയസ്-എ(എസ്ജിആര്‍-എ) എന്ന തമോഗര്‍ത്തമാണ് കണ്ടെത്തിയിരിക്കുന്നത്. സൂര്യനേക്കാള്‍ നാലിരട്ടി ഗുരുത്വാകര്‍ഷണ ശക്തിയുള്ളതാണ് ക്ഷീരപഥത്തിലെ തമോഗര്‍ത്തമെന്നാണ് കണക്കുകൂട്ടല്‍.

ഇവന്റ് ഹോറൈസണ്‍ ടെലസ്‌കോപ്പിന്റെ സഹായത്താലാണ് കണ്ടെത്തല്‍. ആദ്യമായാണ് തമോഗര്‍ത്തത്തിന്റെ നേരിട്ടുള്ള വ്യക്തമായ ഒരു ചിത്രം ലഭിക്കുന്നതെന്നതാണ് ശാസ്ത്ര ലോകത്തെ സന്തോഷിപ്പിക്കുന്നത്. റേഡിയോ തരംഗങ്ങളിലൂടെ ബഹിരാകാശ പഠനം നടത്തുന്ന ബഹിരാകാശ ശാസ്തജ്ഞരാണ് ചിത്രമെടുക്കുന്നതില്‍ വിജയിച്ചത്.

അവസാനം ക്ഷീരപഥത്തിലെ അത്യപൂര്‍വ്വവും നിര്‍ണ്ണായകവുമായ ആ ദൃശ്യം കണ്ടെത്തുന്നതില്‍ തങ്ങള്‍ വിജയിച്ചിരിക്കുന്നു. തമോഗര്‍ത്ത ഭൗതിക ശാസ്ത്രവിഭാഗം എക്കാലത്തേയും വലിയ നേട്ടമാണ് കരസ്ഥമാക്കിയത്. ഇത് ഒരു പുതിയ കാലഘട്ടത്തിന്റെ തുടക്കമാണ്. ബഹിരാകാശത്തെ ശൂന്യതയും വസ്തുക്കളുടെ ഉദ്ഭവവും സംബന്ധിച്ച് ഇനി നടക്കാന്‍ പോകുന്ന എല്ലാ പഠനങ്ങള്‍ക്കും പുതിയ കണ്ടെത്തലാണ് നാഴിക്കല്ലാവുന്നത്.

മുന്‍പും ധാരാളം നക്ഷത്രങ്ങള്‍ ക്ഷീരപഥത്തില്‍ ഒരു പ്രത്യേക കേന്ദ്രത്തിനെ ചുറ്റി നില്‍ക്കുന്നതാണ് ശാസ്ത്രലോകത്തെ കൂടുതല്‍ പഠനത്തിലേക്ക് നയിച്ചത്. ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലുതും നിര്‍ണ്ണായകവുമായ തമോഗര്‍ത്തമാണ് കണ്ടെത്തിയിരിക്കുന്നത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ മഹാഗുരുത്വാകര്‍ഷണ സിദ്ധാന്ത ത്തിന്റെയും ആപേക്ഷികതാ സിദ്ധാന്തത്തിന്റേയും ഏറ്റവും ആധികാരികമായ തെളിവുകള്‍ ഇനി പഠനത്തിലൂടെ പുറത്തുവരുമെന്ന് പ്രൊജക്ട് ഡയറക്ടര്‍ ജെഫ്രി ബോവര്‍ പറഞ്ഞു.

 

Latest News