Wednesday, November 27, 2024

സോഷ്യൽ മീഡിയയിൽനിന്ന് കൊച്ചുകുട്ടികളെ വിലക്കുന്ന ബില്ലിന് അംഗീകാരം നൽകി ഓസ്‌ട്രേലിയ

16 വയസ്സിനു താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയയിൽനിന്നു വിലക്കുന്ന ഒരു ബിൽ ഓസ്ട്രേലിയയുടെ ജനപ്രതിനിധിസഭ ബുധനാഴ്ച പാസ്സാക്കി. 16 വയസ്സിനുതാഴെ പ്രായമുള്ള കുട്ടികളെ അക്കൗണ്ടുകൾ തുടങ്ങുന്നതിൽനിന്നു തടയാൻ പരാജയപ്പെട്ടാൽ ടിക് ടോക്ക്, ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, റെഡ്ഡിറ്റ്, എക്സ്, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകൾക്ക് 50 ദശലക്ഷം ഓസ്ട്രേലിയൻ ഡോളർ (33 ദശലക്ഷം ഡോളർ) വരെ പിഴ ഈടാക്കുന്ന ബില്ലിനെ പ്രധാന പാർട്ടികളെല്ലാം തന്നെ പിന്തുണച്ചിരുന്നു.

പുതിയ നിയമമനുസരിച്ച്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് മാറ്റം വരുത്തുന്നതിനും നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനും ഒരു വർഷം സമയമനുവദിക്കും. അതിനുശേഷം ചെറിയ കുട്ടികൾക്ക് അക്കൗണ്ടുകൾ തുറക്കുന്നത് തടഞ്ഞില്ലെങ്കിൽ ഈ പ്ലാറ്റ്‌ഫോമുകൾക്ക് നിയമനടപടിയും പിഴയും നേരിടേണ്ടിവരും.

കൂടാതെ, സ്വകാര്യത പരിരക്ഷ വർധിപ്പിക്കുന്ന സെനറ്റിലെ ഭേദഗതികൾ അംഗീകരിക്കാൻ സർക്കാർ സമ്മതിച്ചതായി പ്രതിപക്ഷ നിയമസഭാംഗം ഡാൻ തെഹാൻ പാർലമെന്റിൽ അറിയിച്ചു. പാസ്പോർട്ടുകളോ, ഡ്രൈവിംഗ് ലൈസൻസുകളോ ഉൾപ്പെടെ സർക്കാർ നൽകുന്ന തിരിച്ചറിയൽ രേഖകൾ നൽകാൻ ഉപയോക്താക്കളെ നിർബന്ധിക്കാൻ പ്ലാറ്റ്ഫോമുകളെ അനുവദിക്കില്ല. ഒരു സർക്കാർ സംവിധാനത്തിലൂടെ ഡിജിറ്റൽ തിരിച്ചറിയൽ ആവശ്യപ്പെടാനും പ്ലാറ്റ്ഫോമുകൾക്ക് ഇനി കഴിയില്ല.

ഈ നിയമം പൂർണ്ണമായും ശരിയാണോ എന്ന് അറിയില്ല എങ്കിലും ഇത് പ്രവർത്തികമാക്കിയാൽ, ഫലപ്രദമായാൽ ആളുകളുടെ ജീവിതത്തിൽ ചെറിയ തോതിലെങ്കിലും മാറ്റങ്ങൾ വരുമെന്ന് തങ്ങൾ വിശ്വസിക്കുന്നതായി തെഹാൻ പാർലമെന്റിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News