യുക്രൈനെതിരെ റഷ്യ ഉപയോഗിക്കുന്ന മിസൈലുകൾ നിർമിക്കുന്ന ഒരു ആയുധ പ്ലാന്റ് ഉത്തര കൊറിയ വിപുലീകരിക്കുകയാണെന്ന് പുതിയ കണ്ടെത്തൽ. മിഡിൽബറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിലെ ജെയിംസ് മാർട്ടിൻ സെന്റർ ഫോർ നോൺപ്രോലിഫറേഷൻ സ്റ്റഡീസിലെ ഗവേഷകർ പറയുന്നതനുസരിച്ച്, ഈ ആയുധ നിർമാണ പ്ലാന്റിൽ കെ. എൻ. 23 (ഹ്വാസോങ്-11 എ), കെ. എൻ. 24 (ഹ്വാസോങ്-11 ബി) എന്നീ മിസൈലുകൾ നിർമിക്കുന്നു.
രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഹംഹുങ്ങിൽ സ്ഥിതിചെയ്യുന്ന ഈ ആയുധ നിർമാണ പ്ലാന്റ് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ നിരവധി തവണ സന്ദർശിച്ചിട്ടുണ്ട്. റഷ്യൻ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളുടെ സമീപകാല കുതിച്ചുചാട്ടമാണ് യുക്രൈനെ ബാധിച്ചതെന്നും അതിൽ മൂന്നിലൊന്നും ഉത്തര കൊറിയൻ ആയുധങ്ങൾ ഉപയോഗിച്ചുള്ളതാണെന്നും യുക്രേനിയൻ സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ വർഷം ആദ്യം പരസ്പര പ്രതിരോധ കരാറിനു സമ്മതിക്കുകയും യുക്രൈനെതിരെ പോരാടാൻ സഹായിക്കാൻ ഉത്തര കൊറിയൻ സൈന്യത്തെ അയയ്ക്കുകയും ചെയ്യുന്നതുൾപ്പെടെ ശീതയുദ്ധത്തിനുശേഷം ലോകം കാണാത്ത തലത്തിലേക്ക് മോസ്കോയും പ്യോങ്യാങ്ങും തങ്ങളുടെ സൈനികബന്ധം കൂടുതൽ ആഴത്തിലാക്കുകയും ചെയ്തതതായി ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു.
ഇപ്പോൾ, പുതിയ ഉപഗ്രഹചിത്രങ്ങൾ സൂചിപ്പിക്കുന്നത് ഉത്തര കൊറിയ ഹംഹുങ് സൗകര്യം വിപുലീകരിക്കുകയും മിസൈലുകളുടെ അന്തിമ സംയോജനത്തിനായി രണ്ടാമത്തെ കെട്ടിടം നിർമിക്കുകയും തൊഴിലാളികൾക്ക് അധികപാർപ്പിടം നൽകുകയും ചെയ്യുന്നു എന്നാണ്. “അവർ ആരംഭിച്ച ഉൽപാദനം വർധിപ്പിക്കാനുള്ള ശ്രമമാണിതെന്നു തോന്നുന്നു” – സെന്റർ ഫോർ നോൺ പ്രോലിഫറേഷൻ സ്റ്റഡീസിലെ റിസർച്ച് അസോസിയേറ്റ് സാം ലെയർ സി. എൻ. എന്നിനോടു പറഞ്ഞു.
റഷ്യ ഈ വർഷം യുക്രൈനിൽ അറുപതോളം ഉത്തര കൊറിയൻ കെ. എൻ. 23 മിസൈലുകൾ (ഹ്വാസോങ്-11 എ) വിക്ഷേപിച്ചിട്ടുണ്ട്. ഉത്തര കൊറിയൻ മിസൈലുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളിൽ ഈ വർഷം കുറഞ്ഞത് 28 പേർ കൊല്ലപ്പെടുകയും 213 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രേനിയൻ പ്രോസിക്യൂട്ടർ ജനറൽ കഴിഞ്ഞയാഴ്ച സി. എൻ. എന്നിനോടു പറഞ്ഞു.