Monday, November 25, 2024

പത്താം തവണയും എവറസ്റ്റ് കീഴടക്കി, ലക്പ ഷെര്‍പ

നേപ്പാളിലെ ഷെര്‍പ ഗോത്രവിഭാഗത്തില്‍നിന്നുള്ള ലക്പ ഷെര്‍പയോളം എവറസ്റ്റിനെ പരിചയമുള്ള വനിതകളൊന്നും ലോകത്തുണ്ടാകില്ല. ഒന്നും രണ്ടുമല്ല, പത്തുതവണയാണ് 8849 മീറ്റര്‍ ഉയരമുള്ള, ലോകത്തെ ഏറ്റവും വലിയ കൊടുമുടിയുടെ മുകളില്‍ ലക്പ കാലുകുത്തിയത്. വ്യാഴാഴ്ചയായിരുന്നു പത്താമത്തെ ദൗത്യം.

ഇതോടെ ഏറ്റവും കൂടുതല്‍ തവണ എവറസ്റ്റ് കയറിയ വനിതയെന്ന സ്വന്തം റെക്കോഡ് അവര്‍ ഒരിക്കല്‍കൂടി തിരുത്തി. ഔപചാരിക വിദ്യാഭ്യാസമൊന്നും നേടാത്ത ലക്പ വരുമാനമാര്‍ഗം തേടിയാണ് ചെറുപ്പത്തില്‍ കൊടുമുടി കയറാന്‍ തുടങ്ങിയത്. ട്രക്കിങ്ങിനെത്തുന്നവരെ സഹായിക്കലും മറ്റുമായിരുന്നു ജോലി. 48-കാരിയായ ലക്പ ഇപ്പോള്‍ മൂന്നു മക്കളോടൊപ്പം യു.എസിലാണ് താമസം.

മകള്‍ ജനിച്ച് എട്ടുമാസത്തിനുശേഷമായിരുന്നു ലക്പയുടെ ആദ്യത്തെ പര്‍വതാരോഹണം. അന്നവര്‍ രണ്ടുമാസം ഗര്‍ഭിണിയുമായിരുന്നു. പര്‍വതാരോഹണത്തില്‍ പ്രത്യേക പരിശീലനമൊന്നും നേടിയിട്ടില്ല. ഒരു സാധാരണകുടുംബത്തില്‍ 11 കുട്ടികള്‍ക്കൊപ്പം വളര്‍ന്നുവന്നു. 2000ല്‍ ആയിരുന്നു ലക്പയുടെ ആദ്യത്തെ വിജയയാത്ര.

49 വയസ്സുണ്ട് ലക്പയ്ക്ക്. മൂന്നു കുട്ടികളുടെ അമ്മ. വിവാഹമോചിത. മാനസിക ശക്തിയാണ് വിജയങ്ങള്‍ക്ക് ആധാരമെന്ന് ലക്പ പറയുന്നു. ഇല്ല വിശ്രമിക്കാന്‍ ഇനിയും സമയമായില്ല. കാരണം കീഴടക്കാന്‍ ഉയരങ്ങള്‍ ഇനിയുമുണ്ട്. ഉന്നതങ്ങളിലേക്കുള്ള ലക്പയുടെ യാത്ര തുടരുന്നു.

Latest News