Monday, November 25, 2024

യുക്രെയ്ന്‍ യുദ്ധം പതിനൊന്നാം ആഴ്ചയില്‍: ആഗോള ആശങ്കകളായി ഭക്ഷ്യ പ്രതിസന്ധിയും കുട്ടികളുടെ അവകാശങ്ങളും ഊര്‍ജ്ജ തര്‍ക്കവും

യൂറോപ്പിലെ ദശാബ്ദങ്ങളിലെ ഏറ്റവും മോശമായ സംഘര്‍ഷം ആരംഭിച്ചിട്ട് പത്ത് ദിവസത്തിനുള്ളില്‍ മൂന്ന് മാസം പൂര്‍ത്തിയാകും. യുക്രെയ്നിലെ അക്രമങ്ങള്‍ക്ക് അറുതിവരുത്തുന്നതിനായി ലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുമ്പോഴും റഷ്യന്‍ മുന്നേറ്റത്തിന്റെ ഒരു കുറവും ഉണ്ടായിട്ടില്ല. വിമതരുടെ നിയന്ത്രണത്തിലുള്ള ഭാഗങ്ങളായ ലുഹാന്‍സ്‌ക്, ഡൊനെറ്റ്‌സ്‌ക് എന്നിവയുടെ കിഴക്കന്‍ പ്രദേശങ്ങളിലേക്കാണ് റഷ്യയുടെ ശ്രദ്ധ പ്രധാനമായും മാറിയത്. സംഘര്‍ഷഭരിതമായ രാജ്യത്ത് സിവിലിയന്‍മാര്‍ക്കെതിരായ അതിക്രമങ്ങളുടെ ആരോപണത്തില്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ വ്യാഴാഴ്ച യോഗം ചേരുകയുമുണ്ടായി.

യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ച് യുഎന്നില്‍ ചര്‍ച്ചയായ പത്ത് പോയിന്റുകള്‍ ഇവയൊക്കെ…

1. ‘മള്‍ട്ടിബിള്‍ ലോഞ്ച് റോക്കറ്റ് സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള കനത്ത പീരങ്കികളില്‍ നിന്നുള്ള ഷെല്ലാക്രമണം, മിസൈല്‍, വ്യോമാക്രമണം എന്നിവ ജനവാസ മേഖലകളില്‍ വ്യാപകമായി ഉപയോഗിച്ച് അവ ദുരുപയോഗം ചെയ്തു എന്ന് യുഎന്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

2. ഭൂരിഭാഗം നാശനഷ്ടങ്ങള്‍ക്കും റഷ്യന്‍ സൈന്യം ഉത്തരവാദികളാണെങ്കിലും യുക്രേനിയന്‍ സൈനികരും – ഒരു പരിധിവരെയെങ്കിലും – ഉത്തരവാദികളാണെന്ന് യുഎന്‍ മനുഷ്യാവകാശ മേധാവി മിഷേല്‍ ബാഷെലെറ്റ് ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

3. യുക്രെയിനിലെ യുദ്ധം, എല്ലാ യുദ്ധങ്ങളെയും പോലെ, കുട്ടികളുടെ സംരക്ഷണത്തിന്റെയും കുട്ടികളുടെ അവകാശങ്ങളുടെയും പ്രതിസന്ധിയാണെന്ന് യുഎന്‍ ബാലാവകാശ സംഘടനയായ യുനിസെഫ് പറഞ്ഞു.

4. യുക്രൈനിലെ ആറിലൊന്ന് സ്‌കൂളുകള്‍ക്കെങ്കിലും യുദ്ധം ആരംഭിച്ചതിന് ശേഷം കേടുപാടുകള്‍ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് യുഎന്‍ പറഞ്ഞു. ‘രാജ്യത്തുടനീളമുള്ള നൂറുകണക്കിന് സ്‌കൂളുകള്‍ കനത്ത പീരങ്കികളും വ്യോമാക്രമണങ്ങളും മറ്റ് സ്‌ഫോടനാത്മക ആയുധങ്ങളും കൊണ്ട് ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

5. യുദ്ധത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന മറ്റൊരു ആഗോള വെല്ലുവിളി ഭക്ഷ്യ പ്രതിസന്ധിയാണ്. വ്യാഴാഴ്ച ജി 7 രാജ്യങ്ങളുടെ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതോടെയാണ് ഈ വിഷയം ചര്‍ച്ചയായത്.

6. ‘യുക്രേനിയന്‍ തുറമുഖങ്ങളില്‍, പ്രത്യേകിച്ച് ഒഡെസയില്‍ ഇരുപത്തിയഞ്ച് ദശലക്ഷം ടണ്‍ ധാന്യം തടഞ്ഞിരിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലും മിഡില്‍ ഈസ്റ്റിലും ഭക്ഷണമായി അടിയന്തിരമായി ആവശ്യമുള്ള ധാന്യമാണിത്. ഈ ഭക്ഷ്യപ്രതിസന്ധിയില്‍ നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കണം,” ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് മന്ത്രിമാരുടെ യോഗത്തിന്റെ തുടക്കത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

7. അതിനിടെ, ജര്‍മ്മനിയും മോസ്‌കോയില്‍ നിന്നുള്ള ഗ്യാസ് വിതരണം വെട്ടിക്കുറയ്ക്കുന്നതായി ജര്‍മ്മന്‍ സാമ്പത്തിക മന്ത്രി റോബര്‍ട്ട് ഹാബെക്ക് വ്യാഴാഴ്ച ബെര്‍ലിനില്‍ പറഞ്ഞു. പകരം ഗ്യാസ് കരാറുകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുമെന്നും ഗ്യാസ് എമര്‍ജന്‍സി ഭീഷണി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

8. ഗ്യാസ് വിതരണം വെട്ടിക്കുറച്ചത് റഷ്യയുടെ ഉപരോധങ്ങളോടുള്ള പ്രതികാര നടപടിയായാണ് കാണുന്നത്. ഊര്‍ജ വിതരണത്തിനായി ലോകം പ്രധാനമായും റഷ്യയെ ആശ്രയിക്കുമ്പോള്‍, ആ ആശ്രിതത്വം കുറയ്ക്കാന്‍ ആഗോള ആഹ്വാനമുണ്ട്.

9. യുദ്ധം നടക്കുന്ന കരിങ്കടലില്‍ വീണ്ടും റഷ്യന്‍ നാവികസേനയുടെ ലോജിസ്റ്റിക്‌സ് കപ്പലിന് കേടുപാടുകള്‍ വരുത്തിയതായി യുക്രെയ്ന്‍ പറഞ്ഞതിനാല്‍ റഷ്യ യുക്രെയ്‌നില്‍ നിന്നുള്ള സാധാരണക്കാരെ തടവിലാക്കുകയായിരുന്നുവെന്ന് യുഎസ് അവകാശപ്പെട്ടു.

10. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, സംഘര്‍ഷത്തിന്റെ 11 ആഴ്ചകള്‍ക്കുള്ളില്‍ ആറ് ദശലക്ഷത്തിലധികം ആളുകള്‍ അവരുടെ വീടുകളില്‍ നിന്ന് ഒഴിയാന്‍ നിര്‍ബന്ധിതരായി.

 

 

Latest News