Thursday, May 15, 2025

‘താമസിക്കുന്ന ഓരോ നിമിഷത്തെയും ഓർത്ത് ഞങ്ങൾ ആശങ്കാകുലരാണ്’: ഹമാസ് ബന്ദിയുടെ അമ്മ

“അവൾ മരിച്ചുവെന്ന് ഞാൻ ഭയപ്പെടുന്നു. അവൾ മരിച്ചില്ലെങ്കിൽ, അവൾക്ക് കഴിക്കാൻ വേണ്ടത്ര ഭക്ഷണം ലഭിക്കുന്നുണ്ടാവില്ല. അവൾക്ക് സ്വയം കഴിക്കാൻ  കഴിയില്ല; വെള്ളം കുടിക്കാനും കഴിയില്ല. അവൾക്ക് അസുഖം ബാധിച്ചേക്കാം. അവൾക്ക് കൈയിലും കാലിലും വെടിയേറ്റ മുറിവുകളുണ്ട്. അവളുടെ അവസ്ഥയോർത്ത് ഓരോ സെക്കൻഡിലും ഞാൻ വിഷമിക്കുന്നു. കാരണം അടുത്ത നിമിഷം അവൾ അവിടെ ആയിരിക്കുന്നതിനാൽ കൊല്ലപ്പെടാം” – നിറഞ്ഞ കണ്ണുകളോടെ ഹമാസ് ബന്ദിയാക്കിയ എമിലി ദാമാരിയുടെ അമ്മ മാൻഡി ദാമാരി ബി. ബി. സി. യോടു പറയുമ്പോൾ അത് കണ്ടവരുടെയും കണ്ണുകൾ നിറഞ്ഞു. 28 കാരിയായ എമിലി ദാമാരിയെ 2023 ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രായേലിലെ വീട്ടിൽനിന്നാണ് ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയത്.

തന്റെ മകൾ ഹമാസ് ഭീകരരുടെ തടവിൽ കഴിയാൻ തുടങ്ങിയിട്ട് 400 ദിവസം പിന്നിട്ടെന്നും തന്റെ മകളുടെ ജീവനെക്കുറിച്ചുള്ള ഭയം വർധിക്കുന്നതായും ഇവർ വെളിപ്പെടുത്തുന്നു. തന്നെപ്പോലെതന്നെ മക്കളെയും പ്രിയപ്പെട്ടവരെയും ഓർത്ത് വേദനിക്കുന്ന ഓരോ ബന്ധികളുടെയും കുടുംബാംഗങ്ങൾക്കായി എന്തെങ്കിലും ചെയ്യാൻ ഈ അമ്മ നിറകണ്ണുകളോടെയാണ് ലോകത്തോട് അഭ്യർഥിച്ചത്. സറേയിൽ ജനിച്ച മാൻഡി ദാമാരി, ബന്ദികളാക്കിയവരുടെ മോചനത്തിനായുള്ള ചർച്ചകൾ തുടരുന്നതിനിടയിൽ മാനുഷികസാമഗ്രികൾ അവർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെട്ടു.

ഏകദേശം 14 മാസം മുമ്പ് കിബ്ബുട്ട്സ് കഫാർ ആസയെ ആക്രമിച്ച ഹമാസ് തോക്കുധാരികൾ എമിലിക്കുനേരെ വെടിയുതിർക്കുകയും അവരുടെ വളർത്തുനായയെ കൊല്ലുകയും ചെയ്തു. അമ്മ മാൻഡിയും ഒളിച്ചിരുന്നു. ഭാഗ്യവശാൽ അവർക്ക് വെടിയേറ്റില്ല. ആ ദിവസം ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും എമിലിയെയും മറ്റ് 250 പേരെയും ബന്ദികളാക്കി ഗാസയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

ഗാസയിൽ വെടിനിർത്തലിനുപകരമായി ബാക്കിയുള്ള 97 ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറിൽ യു. എസ്., ഈജിപ്ത്, ഖത്തർ എന്നിവർ മാസങ്ങളോളം പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ചർച്ചകൾ സ്തംഭിച്ചു, ഹമാസും ഇസ്രായേലും പ്രതിസന്ധിക്ക് പരസ്പരം കുറ്റപ്പെടുത്തി. മകളുടെ മോചനവുമായി ബന്ധപ്പെട്ട ബ്രിട്ടീഷ് സർക്കാരിലെ ഉദ്യോഗസ്ഥരെ സന്ദർശിച്ചെങ്കിലും നിരാശയായിരുന്നു ഫലം. “അവർ എന്റെ ഹൃദയത്തിൽ കുത്തുന്നതായി എനിക്ക് തോന്നി. ബന്ദികളെ മോചിപ്പിക്കാൻ മുൻവ്യവസ്ഥയൊന്നും ഉണ്ടായിരുന്നില്ല. അത് അടിസ്ഥാനപരമായി അവൾക്കായി (എമിലി) ഒരു മരണവാറന്റിൽ ഒപ്പിടുകയായിരുന്നു. കാരണം, ബന്ദികളെ മോചിപ്പിക്കാതെ വെടിനിർത്തൽ ഉണ്ടായാൽ, ബന്ദികൾ എന്നെന്നേക്കുമായി അവിടെത്തന്നെ തുടരും” – ശ്രീമതി ദാമാരി വ്യക്തമാക്കി.

എന്നാൽ ഇപ്പോൾ കഴിഞ്ഞ ദിവസം ട്രംപ് നടത്തിയ പ്രഖ്യാപനമാണ് ബന്ദികളുടെ പ്രിയപ്പെട്ടവർക്ക് അൽപം ആശ്വാസം നൽകുന്നത്. “2025 ജനുവരി 20 നുമുമ്പ് ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ, ഞാൻ അഭിമാനത്തോടെ അമേരിക്കൻ പ്രസിഡന്റായി ചുമതലയേൽക്കുന്ന തീയതി, മിഡിൽ ഈസ്റ്റിലും മനുഷ്യരാശിക്കെതിരായ ഈ അതിക്രമങ്ങൾക്ക് ഉത്തരവാദികളായവർക്കും വലിയ വില നൽകേണ്ടിവരും” – അദ്ദേഹം മുന്നറിയിപ്പ് നൽകി. ആ പോസ്റ്റ് “അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ആരെങ്കിലും ശരിക്കും ശ്രദ്ധിക്കുന്നുണ്ടാകാം എന്ന പ്രതീക്ഷ എനിക്കു നൽകി” എന്ന് മാൻഡി ദാമാരി പറഞ്ഞു.

Latest News