കഠിനമായ ആര്‍ത്തവ വേദന അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് മെഡിക്കല്‍ ലീവ് ഏര്‍പ്പെടുത്താന്‍ സ്പെയിന് ആലോചിക്കുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്ത്രീകള്‍ക്ക് മാസത്തില്‍ മൂന്ന് ദിവസം അവധി നല്‍കാമെന്ന് ഒരു കരട് ബില്ലില്‍ പറയുന്നു – ചില സാഹചര്യങ്ങളില്‍ അഞ്ചു ദിവസം വരെ അവധി നീട്ടാനും ശിപാര്‍ശയുണ്ട്.
എന്നാല്‍ സ്പാനിഷ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കിട്ടിയ കരട് ബില്ലില്‍ ഇപ്പോഴും ചര്‍ച്ചകളും പരിഷ്കരണങ്ങളും നടക്കുകയാണെന്ന് രാഷ്ട്രീയ നേതൃത്വം അറിയിച്ചു.
ഈ ബില്ല് പാസായാല്‍, യൂറോപ്പില്‍ ഇത്തരമൊരു നിയമപരമായ അവകാശം ആദ്യമായിരിക്കും. ലോകമെമ്പാടുമുള്ള വിരലിലെണ്ണാവുന്ന രാജ്യങ്ങളില്‍ മാത്രമേ ഇത്തരമൊരു നിയമം നിലവിലുള്ളൂ.
സ്പാനിഷ് നിയമനിര്‍മ്മാണം വളരെ വിപുലമായ ആരോഗ്യ പരിഷ്കരണത്തിന്റെ ഭാഗമായാണ് നടത്തുന്നത്. അതില്‍ രാജ്യത്തിന്റെ ഗര്‍ഭഛിദ്ര നിയമങ്ങളിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആലോചനയുണ്ട്. അടുത്ത ആഴ്ച ആദ്യം മന്ത്രിസഭയില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ആര്‍ത്തവ സമയത്ത് വേദനയുള്ളവര്‍ക്ക് മൂന്ന് ദിവസത്തെ അവധി, ഒരു ഡോക്ടറുടെ ശുപാര്‍ശയോടെയാണ് അനുവദിക്കുക. അതിതീവ്രമായ വേദനയോ ആരോഗ്യ പ്രശ്നങ്ങളോ ഉളളവര്‍ക്ക് അഞ്ച് ദിവസത്തെ അവധിയും നല്‍കാനാണ് സാധ്യതയെന്ന് ഡ്രാഫ്റ്റ് പറയുന്നു. എന്നാല്‍ നേരിയ അസ്വസ്ഥത അനുഭവിക്കുന്നവര്‍ക്ക് അവധി ബാധകമായിരിക്കുകയില്ല. പ്രസവത്തിന് മുമ്പ്, ശമ്പളമുള്ള പ്രസവാവധിയും മന്ത്രി ഐറിന് മൊണ്ടെറോ വിവരിച്ച ഗര്‍ഭച്ഛിദ്ര നിയമങ്ങളിലെ മാറ്റങ്ങളും ഡ്രാഫ്റ്റില്‍ ഉള്‍പ്പെടുന്നു. സ്പെയിനില്‍ നിരോധിച്ചിട്ടുള്ള വാടക ഗര്‍ഭധാരണത്തെക്കുറിച്ചുള്ള കര്‍ശനമായ നിയമങ്ങളും നിര്‍ദ്ദിഷ്ട നിയമത്തില്‍ ഉള്‍പ്പെടും.