യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന്‍ (73) അന്തരിച്ചു. രോഗബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്ന ഷെയ്ഖ് ഖലീഫയുടെ അന്ത്യം വെള്ളിയാഴ്ചയായിരുന്നുവെന്ന് യുഎഇയിലെ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയം അറിയിച്ചു.
യുഎഇ പ്രസിഡന്റിന്റെ ദേഹവിയോഗത്തില്‍ യുഎഇയിലെയും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളിലെയും ലോകത്തെയും ജനങ്ങളോടു പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുകയാണെന്ന് രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം പ്രസ്താവനയില്‍ പറഞ്ഞു.
അന്തരിച്ച ഭരണാധികാരിയോടുള്ള ആദരസൂചകമായി രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങളുടെയും പ്രവര്‍ത്തനം മൂന്നുദിവസം നിര്‍ത്തിവച്ചു. ഷെയ്ഖ് ഖലീഫയുടെ പിന്‍ഗാമിയെ പ്രഖ്യാപിച്ചിട്ടില്ല.
ശസ്ത്രക്രിയയെത്തുടര്‍ന്ന് 2016 മുതല്‍ പൊതുവേദികളില്‍ അപൂര്‍വമായി മാത്രം പ്രത്യക്ഷപ്പെട്ട ഷെയ്ഖ് ഖലീഫ 2004 നവംബര്‍ മൂന്നിനാണു രാജ്യത്തിന്റെ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി ചുമതലയേറ്റത്. 1948 സെപ്റ്റംബര്‍ ഏഴി നാണു ഷെയ്ഖ് ഖലീഫയുടെ ജനനം. 1971ല്‍ യുഎഇ നിലവില്‍ വന്നതോടെ രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയായും 1976 മേയില്‍ ഉപസൈന്യാധിപനായും ചുമതലയേറ്റു.
ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും സൗദി അറേബ്യക്കു പുറകില്‍ അറബ് ലോകത്തെ രണ്ടാമത്തെ സാന്പത്തികശക്തിയായി യുഎഇയെ മാറ്റിയെടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ലോകം മുഴുവന്‍ പ്രശംസിക്കപ്പെട്ടിരുന്നു.
അധികാരമേറ്റ 2004 നവംബറില്‍ത്തന്നെ മന്ത്രിസഭയില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കി. കോടതിയില്‍ വനിതാ ജഡ്ജിയെ നിയമിച്ചു. സര്‍ക്കാരിലെ ഉന്നതപദവികളിലും സ്ത്രീകള്‍ക്ക് അവസരം നല്‍കി. എണ്ണ-വാതക മേഖലയുടെ നവീകരണത്തിനൊപ്പം ഭവന, വിദ്യാഭ്യാസ, സാമൂഹിക സേവന മേഖലകളിലും ഒട്ടനവധി പദ്ധതികള്‍ നടപ്പാക്കി.
ഷെയ്ഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ ലോകനേതാക്കളുടെ അനുശോചനപ്രവാഹം തുടരുകയാണ്.