സിറിയൻ പ്രസിഡന്റിനും കുടുംബത്തിനും അഭയം നൽകി റഷ്യ. “സിറിയൻ പ്രസിഡന്റ് അസദും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മോസ്കോയിൽ എത്തിയിട്ടുണ്ട്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് റഷ്യ അവർക്ക് അഭയം നൽകിയത്” – പേര് വെളിപ്പെടുത്താത്ത ഉറവിടത്തെ ഉദ്ധരിച്ചുകൊണ്ട് സ്വകാര്യ ഉടമസ്ഥതയിലുള്ള ഇന്റർഫാക്സ് വാർത്താ ഏജൻസിയും സ്റ്റേറ്റ് മീഡിയയും റിപ്പോർട്ട് ചെയ്തു.
വിമതർ ഡമാസ്കസ് പിടിച്ചെടുത്തപ്പോൾ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദും കുടുംബവും രാജ്യം വിട്ടു. പിതാവ് ഹാഫിസ് അൽ അസദ് മുതൽ ബഷാർ വരെ ഏകദേശം ആറു പതിറ്റാണ്ടോളമാണ് സിറിയ ഭരിച്ചത്.
സിറിയയിലെ റഷ്യൻ സൈനികതാവളങ്ങളുടെയും നയതന്ത്ര സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പുനൽകാൻ സിറിയൻ പ്രതിപക്ഷനേതാക്കൾ സമ്മതിച്ചതായി വാർത്താ ഏജൻസികൾ അറിയിച്ചു. എന്നാൽ ചില റഷ്യൻ യുദ്ധ ബ്ലോഗർമാർ പറയുന്നത്, താവളങ്ങൾക്കു ചുറ്റുമുള്ള സാഹചര്യം അങ്ങേയറ്റം സംഘർഷഭരിതമായിരുന്നു എന്നാണ്. സുരക്ഷാഗ്യാരണ്ടി എത്രത്തോളം നീണ്ടുനിന്നുവെന്ന് ഉറവിടം പറയുന്നില്ല.
ആറു പതിറ്റാണ്ടോളം നീണ്ട ഭരണത്തിന് വിരാമമിട്ട് ഞായറാഴ്ച രാവിലെ വിമതപോരാളികൾ എതിരില്ലാതെ ഡമാസ്കസ് പിടിച്ചെടുത്തപ്പോൾ അസദ് സമാധാനപരമായ അധികാര കൈമാറ്റത്തിന് ഉത്തരവിട്ടതായി റഷ്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.