സിറിയയിലുടനീളം ഇസ്രായേൽ ഡസൻ കണക്കിന് വ്യോമാക്രമണം നടത്തുന്നതായി റിപ്പോർട്ടുകൾ. ഇസ്രായേലി യുദ്ധവിമാനങ്ങൾ സിറിയയുടെ തലസ്ഥാനമായ ഡമാസ്കസ് ഉൾപ്പെടെ രാജ്യത്തുടനീളം ആക്രമണങ്ങൾ നടത്തിയതായാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രാജ്യത്തെ സൈനിക കേന്ദ്രങ്ങളിൽ നൂറിലധികം ആക്രമണങ്ങൾ നടന്നതായി യു. കെ. ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് (എസ്. ഒ. എച്ച്. ആർ.) വെളിപ്പെടുത്തി. രാസായുധ നിർമാണവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഒരു ഗവേഷണകേന്ദ്രവും ആക്രമിക്കപ്പെട്ട കേന്ദ്രങ്ങളിൽ ഉൾപ്പെടുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ അസദ് ഭരണകൂടത്തെ അട്ടിമറിച്ചതിനുശേഷം തീവ്രവാദികളുടെ കൈകളിൽ ആയുധങ്ങൾ എത്തിച്ചേരുന്നത് തടയാൻ നടപടിയെടുക്കുകയാണെന്നാണ് ഇസ്രായേൽ പറയുന്നത്.
ഇറാനിയൻ ശാസ്ത്രജ്ഞർ റോക്കറ്റ് വികസനത്തിന് ഉപയോഗിച്ചതായി പറയപ്പെടുന്ന ഡമാസ്കസിലെ ഒരു സൈറ്റിൽ ഉൾപ്പെടെ, കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നൂറുകണക്കിന് ഇസ്രായേലി വ്യോമാക്രമണങ്ങൾ നടന്നിട്ടുണ്ടെന്ന് SOHR റിപ്പോർട്ട് വെളിപ്പെടുത്തി.