യുണൈറ്റഡ് നാഷൻസ് എൻവയേൺമെന്റ് പ്രോഗ്രാമിന്റെ 2024 ലെ ‘ചാംപ്യൻസ് ഓഫ് ദി എർത്ത്’ പുരസ്‌കാരത്തിന് അർഹനായി മാധവ് ഗാഡ്‌ഗിൽ. പരിസ്ഥിതി മേഖലയിൽ യു. എൻ. നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് ഇത്.
“ഗാഡ്‌ഗില്ലിന്റെ പ്രവർത്തനങ്ങൾ പൊതുജനാഭിപ്രായത്തെയും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനായുള്ള ഔദ്യോഗിക നയങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ഇടപെടലുകളും പ്രവർത്തനങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്” – യുണൈറ്റഡ് നാഷൻസ് എൻവയേൺമെന്റ് പ്രോഗ്രാമിന്റെ അധികൃതർ വ്യക്തമാക്കി.
ഭൂമിയെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളിൽ മുന്നിട്ടുനിൽക്കുന്നവരെ ആദരിക്കുന്നതിനായാണ് ഈ പുരസ്കാരം നൽകുന്നത്. ഈ വർഷം ആറുപേരാണ് ഈ പുരസ്‌കാരത്തിന് അർഹരായിരിക്കുന്നത്. 2005 മുതൽ പ്രചോദനാത്മകമായ രീതിയിൽ പാരിസ്ഥിതിക മേഖലയിൽ ഇടപെടൽ നടത്തിയിട്ടുള്ള 122 പേരെ പുരസ്കാരം നൽകി ആദരിച്ചിരുന്നു.