കാബൂളിൽ ചാവേർ ബോംബ് സ്‌ഫോടനത്തിൽ താലിബാൻ മന്ത്രിയും അംഗരക്ഷകരും കൊല്ലപ്പെട്ടു. ബുധനാഴ്ച നടന്ന സ്‌ഫോടനത്തിൽ താലിബാന്റെ അഭയാർഥി മന്ത്രി ഖലീൽ റഹ്‌മാൻ ഹഖാനിയാണ് കൊല്ലപ്പെട്ടതെന്ന് സർക്കാർവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിൽ ഹഖാനിയുടെ മൂന്ന് അംഗരക്ഷകരും കൊല്ലപ്പെട്ടു.
കാബൂളിൽ നടന്ന ചാവേർ സ്ഫോടനത്തിൽ താലിബാൻ ഖലീൽ റഹ്‌മാൻ ഹഖാനി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. മൂന്നു വർഷം മുമ്പ് താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം ബോംബാക്രമണത്തിൽ കൊല്ലപ്പെടുന്ന ഏറ്റവും പ്രമുഖവ്യക്തിയാണ് ഹഖാനി. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
അഫ്ഗാനിസ്ഥാനിൽനിന്ന് വിദേശസേന പിൻവാങ്ങിയതിനുശേഷം 2011 ലാണ് ഖലീൽ ഹഖാനി മന്ത്രിയാകുന്നത്. യുദ്ധത്തിൽ യു. എസ്. നേതൃത്വത്തിലുള്ള സേനയ്ക്ക് എതിരായ ആക്രമണങ്ങൾ അഴിച്ചുവിട്ട തീവ്രവാദ വിഭാഗമായ ഹഖാനി ശൃംഖലയുടെ മുതിർന്ന നേതാവായിരുന്നു അദ്ദേഹം.