Thursday, December 12, 2024

ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം: സിറിയൻ തുറമുഖം വിട്ട് റഷ്യൻ കപ്പലുകൾ

റഷ്യൻ നാവിക കപ്പലുകൾ സിറിയയിലെ പ്രധാന തുറമുഖത്തുനിന്ന് പിൻവാങ്ങിയതായി വെളിപ്പെടുത്തി ബി. ബി. സി. സാറ്റലൈറ്റ് ചിത്രങ്ങളുടെ അവലോകനത്തിലൂടെയാണ് ബി. ബി. സി. ഇക്കാര്യം സ്ഥിരീകരിച്ചത്.

സഖ്യകക്ഷിയായ ബഷാർ അൽ അസദിന്റെ പതനത്തിനുശേഷം രാജ്യത്ത് മോസ്കോയുടെ സൈനിക ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് ഈ പിന്മാറ്റം എന്നതും ശ്രദ്ധേയമാണ്. ഡിസംബർ പത്തിന് മാക്സർ എടുത്ത ചിത്രങ്ങളിൽ ചില കപ്പലുകൾ ഞായറാഴ്ച മുതൽ ടാർട്ടസ് നാവികതാവളം വിട്ട് മെഡിറ്ററേനിയൻ കടലിൽ കടൽത്തീരത്ത് നിലകൊള്ളുന്നതായി തെളിയിക്കുന്നു. എന്നാൽ അതേ ദിവസം എടുത്ത ചില ചിത്രങ്ങളിൽ സിറിയയിലെ റഷ്യയുടെ പ്രധാന വ്യോമതാവളമായ ഹമീമിമിൽ ചുരുക്കം ചില കപ്പലുകൾ പ്രവർത്തനം തുടരുന്നതായും കാണാം.

റഷ്യയുടെ ഭാവി സൈനിക സാന്നിധ്യത്തെക്കുറിച്ച് വരാനിരിക്കുന്ന അധികാരികളുമായി മോസ്കോ ചർച്ച നടത്തുമെന്ന് തിങ്കളാഴ്ച ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞിരുന്നു. “സുരക്ഷ ഉറപ്പാക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നവരുമായി ബന്ധപ്പെടാൻ സാധ്യമായതെല്ലാം ഇപ്പോൾ ചെയ്യുന്നുണ്ട്. തീർച്ചയായും നമ്മുടെ സൈന്യവും ആവശ്യമായ എല്ലാ മുൻകരുതലുകളും എടുക്കുന്നു” – അദ്ദേഹം മോസ്കോയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. താവളങ്ങളുടെ ഭാവിയെക്കുറിച്ച് ഊഹാപോഹങ്ങൾ നടത്തുന്നത് അപ്രസക്തമാണെന്ന് അദ്ദേഹം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

“സിറിയയിലെ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നവരുമായി ഞങ്ങൾ തീർച്ചയായും സമ്പർക്കം പുലർത്തുന്നുണ്ടെന്ന് നിങ്ങൾക്കറിയാം. ഞങ്ങൾക്ക് അവിടെ ഞങ്ങളുടെ താവളങ്ങളും ഞങ്ങളുടെ നയതന്ത്ര ഓഫീസും (എംബസി) ഉള്ളതിനാൽ ഇത് ആവശ്യമാണ്. തീർച്ചയായും ഞങ്ങളുടെ സൗകര്യങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നത് വളരെ പ്രധാനമാണ്” – അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News