യുക്രൈന്റെ തെക്കൻ നഗരമായ സാപോറിസിയയിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെടുകയും ഒരു കുട്ടി ഉൾപ്പെടെ 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സിറ്റി സെന്ററിലെ ഒരു സ്വകാര്യ ക്ലിനിക്കിനും റെസിഡൻഷ്യൽ കെട്ടിടങ്ങൾക്കുംനേരെ ചൊവ്വാഴ്ച്ച ഉണ്ടായ ആക്രമണത്തിനുശേഷം അഞ്ചുപേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്.
രാത്രിയിലെ രക്ഷാപ്രവർത്തനത്തിലൂടെ രണ്ട് സ്ത്രീകളെ അവശിഷ്ടങ്ങളിൽനിന്ന് പുറത്തെടുത്തു. ഇവർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. റഷ്യ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായി സാപോറിസിയ റീജിയണൽ ഹെഡ് ഇവാൻ ഫെഡോറോവ് പറഞ്ഞു. റഷ്യൻ പ്രതിരോധ മന്ത്രാലയം ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
റഷ്യൻ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടതായി സാപോറിസിയയുടെ പ്രാദേശിക അധികാരികൾ ബുധനാഴ്ച പുലർച്ചെ അറിയിച്ചു. പരിക്കേറ്റ സ്ത്രീകളിൽ ഒരാൾ ആശുപത്രിയിൽ മരിച്ചതായും മറ്റൊരു ഇരയുടെ മൃതദേഹം അവശിഷ്ടങ്ങളിൽനിന്ന് പുറത്തെടുത്തതായും അവർ പറഞ്ഞു. തിരച്ചിൽ തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക.
സാപോറിസിയ മേഖലയിൽ ബുധനാഴ്ച ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. മിക്കവാറും ദിവസേനയുള്ള റഷ്യൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ചെറുക്കാൻ കൂടുതൽ നൂതന വ്യോമ പ്രതിരോധസംവിധാനങ്ങൾ നൽകാൻ യുക്രൈൻ പാശ്ചാത്യ സഖ്യകക്ഷികളോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. സാപോറിസിയ ആക്രമണത്തിനു തൊട്ടുപിന്നാലെ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ആ അപേക്ഷ ആവർത്തിച്ചു.
‘റഷ്യൻ മിസൈലുകളിൽനിന്ന് നമ്മുടെ രാജ്യത്തെ സംരക്ഷിക്കാൻ മതിയായ സംവിധാനങ്ങൾ നമുക്കില്ല. എന്നാൽ നമ്മുടെ പങ്കാളികൾക്ക് ഈ സംവിധാനങ്ങളുണ്ട്. വെയർ ഹൌസുകളിൽ പൊടിപടലങ്ങൾക്കിടയിൽ അവ മാറ്റിവയ്ക്കാതെ വ്യോമ പ്രതിരോധസംവിധാനങ്ങൾ ജീവൻ രക്ഷിക്കാൻ ഉപയോഗിക്കണമെന്നു ഞങ്ങൾ വീണ്ടും വീണ്ടുംഅഭ്യർഥിക്കുന്നു” – അദ്ദേഹം പറഞ്ഞു.