അല്‍ ജസീറയുടെ മുതിര്‍ന്ന റിപ്പോര്‍ട്ടര്‍ ഷിറീന് അബു അഖ്ലയുടെ കൊലപാതകത്തെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അപലപിക്കുകയും അവരുടെ മരണത്തെക്കുറിച്ച് ഉടന്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബുധനാഴ്ചയാണ് ഇസ്രയേല്‍-പാലസ്തീന് സംഘര്‍ഷത്തില്‍ അബു അഖ്ല (51) വെടിയേറ്റ് മരിച്ചത്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈനിക റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് അവര്‍ കൊല്ലപ്പെട്ടത്.
‘ഷിറീന്റെ കൊലപാതകത്തില്‍ ഉടനടി, സമഗ്രവും, സുതാര്യവും, ന്യായവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും നീതി ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു’ എന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍, യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയും സൈനിക പ്രവര്‍ത്തനങ്ങള്‍ കവര്‍ ചെയ്യുമ്പോള്‍ അവരുടെ സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
അബു അഖ്ലയുടെ ശവസംസ്കാരച്ചടങ്ങില്‍ വിലാപയാത്ര നടത്തിയവരെ ഇസ്രായേല്‍ പോലീസ് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച പ്രതിഷേധം ഉയര്‍ന്നിരുന്നു. കല്ലേറും ഉണ്ടായതായി പോലീസ് പറഞ്ഞു. ഇതിനിടെ ഷിറീന്റെ ശവപ്പെട്ടി താഴെ വീഴാനും തുടങ്ങി. ആശുപത്രി വളപ്പില്‍ ശവപ്പെട്ടിക്ക് ചുറ്റും ഒത്തുകൂടിയ പോലീസും പലസ്തീനികളും തമ്മിലായിരുന്നു സംഘര്‍ഷം. കലാപം അടിച്ചമര്‍ത്താനാണ് തങ്ങള്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രസ്തുത സംഭവത്തില്‍ താന്‍ വളരെയധികം അസ്വസ്ഥനാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
51 കാരിയും പലസ്തീന് അമേരിക്കക്കാരിയുമായ അബു അഖ്ല അല്‍ ജസീറയുടെ അറബി ന്യൂസ് ചാനലിന്റെ മുതിര്‍ന്ന ലേഖികയായിരുന്നു. കൂടാതെ രണ്ട് പതിറ്റാണ്ടുകളായി ഇസ്രായേല്‍-പലസ്തീന് സംഘര്‍ഷത്തെക്കുറിച്ച് അവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പലസ്തീന് അതോറിറ്റിയും അല്‍ ജസീറയും അവരെ ഇസ്രായേല്‍ സേന വെടിവച്ചു കൊന്നതായാണ് അവകാശപ്പെടുന്നത്. അതേസമയം എന്താണ് സംഭവിച്ചതെന്ന് നിര്‍ണ്ണയിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും പലസ്തീന് വെടിവയ്പ്പില്‍ അവള് കൊല്ലപ്പെട്ടിരിക്കാമെന്നും ഇസ്രായേല്‍ പറഞ്ഞു.