അതിതീവ്രമല്ലാത്ത കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട 39 അമേരിക്കക്കാർക്ക് പ്രസിഡൻഷ്യൽ മാപ്പ് നൽകുകയും മൾട്ടി മില്യൺ ഡോളർ തട്ടിപ്പിൽ ഉൾപ്പെടെ ശിക്ഷിക്കപ്പെട്ട 1500 ഓളം പേരുടെ ശിക്ഷ ഇളവ് ചെയ്യുകയും ചെയ്ത് യു. എസ്. പ്രസിഡന്റ് ജോ ബൈഡൻ.
ഒരുദിവസം ഇത്രയും പൊതുമാപ്പും ഇളവും നൽകുന്നത് രാജ്യത്ത് ആദ്യമായാണ്. ക്രിമിനൽ കേസിൽ കുറ്റവാളിയായ സ്വന്തം മകൻ ഹണ്ടർ ബൈഡന് മാപ്പ് നൽകാൻ ബൈഡൻ തീരുമാനിച്ചതിനു പിന്നാലെയാണ് ബൈഡന്റെ പുതിയ നടപടി.
മാപ്പ് ലഭിച്ചവർ പൊതുസമൂഹത്തിൽ പുനരധിവസിക്കാൻ പ്രാപ്തരും സ്വന്തം കമ്മ്യൂണിറ്റികളെ കൂടുതൽ ശക്തവും സുരക്ഷിതവുമാക്കാൻ പ്രതിബദ്ധത കാണിക്കുകയും ചെയ്തുവെന്ന് പൊതുമാപ്പ് നൽകിക്കൊണ്ട് ബൈഡൻ പറഞ്ഞു.
ഇംപീച്ച്‌മെന്റ് കേസുകൾ ഒഴികെ, യുണൈറ്റഡ് സ്റ്റേറ്റ്‌സിനെതിരായ കുറ്റകൃത്യങ്ങൾക്ക് ഇളവുകളും മാപ്പുകളും നൽകാനുള്ള അധികാരം പ്രസിഡന്റിന് ഉണ്ടെന്ന യു. എസ്. ഭരണഘടനയിലെ അനുശാസനം അനുസരിച്ചായിരുന്നു ബൈഡന്റെ നടപടി.
യു. എസ്. ചരിത്രത്തിലെ മിക്ക പ്രസിഡന്റുമാരെക്കാളും കുറച്ച് ആളുകൾക്ക് മാപ്പ് നൽകിയതിന്റെ റെക്കോർഡ് ഇതുവരെ ബൈഡനായിരുന്നു. 2025 ജനുവരി 20 ന് തന്റെ പിൻഗാമിയായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്നതോടെ പ്രസിഡന്റ് ബൈഡൻ വൈറ്റ് ഹൗസിൽനിന്നും സ്ഥാനമൊഴിയും.