2026 ഫിഫ ലോകകപ്പിനുള്ള നറുക്കെടുപ്പിനിടെ കാണിച്ച ഭൂപടത്തിൽ ക്രിമിയയെ യുക്രൈനിൽനിന്ന് ഒഴിവാക്കിയതിൽ ക്ഷമാപണം നടത്തണമെന്ന ആവശ്യവുമായി യുക്രൈൻ. ഭൂപടത്തിൽ വരുത്തിയ പിഴവിനെ ‘അസ്വീകാര്യമായ തെറ്റ്’ എന്നാണ് യുക്രൈൻ വിശേഷിപ്പിച്ചത്.
ഭൗമരാഷ്ട്രീയ കാരണങ്ങളാൽ പരസ്പരം കളിക്കാൻ കഴിയാത്ത രാജ്യങ്ങളെ കാണിക്കുന്ന ഗ്രാഫിക്സിൽ യുക്രൈനെ കാണിച്ചപ്പോഴാണ് ഭൂപടത്തിൽ പിഴവുണ്ടായത്. 2014 മുതൽ ക്രിമിയ റഷ്യൻ അധിനിവേശത്തിലാണ്. വിരലിലെണ്ണാവുന്ന രാജ്യങ്ങൾ മാത്രമാണ് ഉപദ്വീപിനെ റഷ്യൻ പ്രദേശമായി അംഗീകരിക്കുന്നത്.
‘ഒരു പൊതു ക്ഷമാപണം’ രാജ്യം പ്രതീക്ഷിക്കുന്നതായി യുക്രൈൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഹ്യൂറി ടൈക്കി പറഞ്ഞു. ഫിഫ “അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമായി പ്രവർത്തിക്കുക’ മാത്രമല്ല, ‘റഷ്യൻ പ്രചാരണം, യുദ്ധക്കുറ്റങ്ങൾ, യുക്രൈനെതിരായ ആക്രമണ കുറ്റകൃത്യങ്ങൾ എന്നിവയെ പിന്തുണയ്ക്കുകയും ചെയ്തു” എന്ന് ടൈഖി പറഞ്ഞു. ക്രിമിയയെ യുക്രൈന്റെ പ്രദേശത്തിന്റെ ഭാഗമായി ഉയർത്തിക്കാട്ടിക്കൊണ്ട് അദ്ദേഹം തന്റെ പോസ്റ്റിൽ ഭൂപടത്തിന്റെ ഒരു ‘നിശ്ചിത’ പതിപ്പ് ചേർത്തു.
സംഭവത്തെ തുടർന്ന് ചിത്രം നീക്കം ചെയ്തതായും ഫിഫ പറഞ്ഞു. രാഷ്ട്രീയകാരണങ്ങളാൽ പരസ്പരം കളിക്കാൻ കഴിയാത്ത രാജ്യങ്ങളിൽ യുക്രൈനും ബെലാറസും, സ്പെയിനും ജിബ്രാൾട്ടറും, കൊസോവോയും ബോസ്നിയയും സെർബിയയും ഉൾപ്പെടുന്നു.