Monday, December 23, 2024

പത്മശ്രീ പുരസ്കാര ജേതാവ് തുളസി ​ഗൗഡ അന്തരിച്ചു

പ്രകൃതിക്കായി ജീവിച്ചതിലൂടെ പത്മശ്രീ പുരസ്കാരം നേടിയ തുളസി ​ഗൗഡ (80) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. കാടിന്റെ സർവവിജ്ഞാനകോശം എന്ന പേരിലാണ് തുളസി ​ഗൗഡ അറിയപ്പെട്ടിരുന്നത്.

1944 ൽ ഹൊന്നല്ലി ​ഗ്രാമത്തിൽ നാരായൺ – നീലി ദമ്പതികളുടെ മകളായാണ് തുളസി ​ഗൗഡയുടെ ജനനം. ഔപചാരിക വിദ്യാഭ്യാസം ഇല്ലാതിരുന്നിട്ടും പരിസ്ഥിതിസംരക്ഷണത്തിനായി വലിയ സംഭാവനകൾ നൽകാൻ തുളസിക്കു കഴിഞ്ഞു. കാടിനെക്കുറിച്ചുള്ള അവരുടെ അറിവുകൾ എല്ലാവരെയും അതിശയിപ്പിക്കുന്നതായിരുന്നു.

നാൽപതിനായിരത്തിലധികം വൃക്ഷത്തൈകൾ തുളസി നട്ടുവളർത്തി. വൃക്ഷങ്ങളെക്കുറിച്ചുള്ള അറിവുകൾ മറ്റുള്ളവരിലേക്ക് പകർന്നുനൽകിയിരുന്നു. ചെടികൾ വളരാനെടുക്കുന്ന സമയം, ആവശ്യമായ വെള്ളത്തിന്റെ അളവ്, അനുയോജ്യമായ കാലാവസ്ഥ തുടങ്ങിയ കാര്യങ്ങൾ വളരെ കൃത്യമായി തുളസിക്ക് അറിയാമായിരുന്നു. ഇവരുടെ സേവനവും പ്രകൃതിയോടുള്ള ആത്മാർഥതയും തിരിച്ചറിഞ്ഞ വനംവകുപ്പ് തുളസിക്ക്‌ സ്ഥിരനിയമനം നൽകി. 14 വർഷം വനംവകുപ്പിൽ സേവനമനുഷ്ഠിച്ചു.

2020 ലാണ് തുളസി ​ഗൗഡയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. തുളസി ​ഗൗഡയുടെ നിര്യാണത്തിൽ സതീഷ് സെയിൽ എം. എൽ. എ., മന്ത്രി മം​ഗള വൈദ്യ തുടങ്ങി നിരവധിപേർ അനുശോചനം അറിയിച്ചുകൊണ്ട് രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News