Monday, January 27, 2025

ഇറാഖ് സന്ദർശനവേളയിൽ വധശ്രമം നടന്നതിനെ അതിജീവിച്ചതായി വെളിപ്പെടുത്തി ഫ്രാൻസിസ് പാപ്പ

2021 മാർച്ചിൽ ഇറാഖ് സന്ദർശനത്തിനിടെ വധശ്രമത്തിൽനിന്ന് കഷ്ടിച്ച് രക്ഷപെട്ടതായി വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. 2025 ജനുവരി 14 ന് പുറത്തിറങ്ങാനിരിക്കുന്ന ‘ഹോപ്പ്’ എന്ന ആത്മകഥയുടെ ചില ഭാഗങ്ങൾ ഇറ്റാലിയൻ പത്രമായ കൊറിയർ ഡെല്ല സെറ പ്രസിദ്ധീകരിച്ചതിലാണ് ഈ വെളിപ്പെടുത്തലുള്ളത്.

പാപ്പയുടെ സന്ദർശനവേളയിൽ ഒരു വനിതാ ചാവേറും സ്ഫോടകവസ്‌തുക്കൾ നിറച്ച ഒരു ട്രക്കും ആക്രമണത്തിന് ഒരുങ്ങുന്നുവെന്നായിരുന്നു ബ്രിട്ടീഷ് ഇന്റലിജൻസ് വെളിപ്പെടുത്തിയത്. അതേത്തുടർന്ന് പൊലീസ് ഇടപെടൽ ഉണ്ടാകുകയും ആക്രമണത്തിനുമുൻപ് അവ പൊട്ടിത്തെറിക്കുകയുമായിരുന്നു.

ജിഹാദിസവും തീവ്രവാദി അക്രമവും മൂലം നശിപ്പിക്കപ്പെട്ട ഒരു ദേശത്തേക്ക് അപ്പസ്തോലിക സന്ദർശനം നടത്തുന്നതിനെതിരെ മിക്ക ആളുകളും തന്നെ ഉപദേശിച്ചതായി പാപ്പ പറഞ്ഞുവെന്ന് പുസ്തകത്തിൽനിന്നുള്ള ഉദ്ധരണികൾ പങ്കുവച്ച ഇറ്റാലിയൻ പത്രത്തിൽ പറയുന്നു. കോവിഡ് പകർച്ചവ്യാധിയുടെ ബുദ്ധിമുട്ടുകളും വലിയ സുരക്ഷാ അപകടസാധ്യതകളും ആ സന്ദർശനത്തിൽ ഉണ്ടായിരുന്നു.

“എന്നാൽ എന്തു വിലകൊടുത്തും ആ സന്ദർശനം നടത്തണമെന്ന് ഞാൻ ആഗ്രഹിച്ചു. എനിക്ക് അങ്ങനെ ചെയ്യണമെന്നു തോന്നി. യഹൂദരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ വംശപരമ്പര കണ്ടെത്തുന്ന ‘പൂർവപിതാവായ അബ്രഹാമിനെ’ സന്ദർശിക്കാനും കാണാനും എനിക്ക് കടപ്പാടുണ്ട്” – പാപ്പ വ്യക്തമാക്കുന്നു.

രണ്ട് പതിറ്റാണ്ടുകൾക്കുമുമ്പ്, അന്നത്തെ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈൻ സന്ദർശനം നിരസിച്ചതിനാൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്ക് രാജ്യം സന്ദർശിക്കാൻ കഴിഞ്ഞില്ല.

Latest News