ഒരാള്‍ക്കുപോലും രോഗമില്ലെന്നു വാദിച്ചിരുന്ന ഉത്തരകൊറിയയില്‍ കോവിഡ് വ്യാപനം രൂക്ഷം. മൂന്നു ദിവസങ്ങള്‍ക്കിടെ 8,20,620 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 42 പേര്‍ മരിച്ചു. 3,24,550 പേര്‍ ചികിത്സയിലാണ്.
ഇതിനിടെ കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആറുപേര്‍ പനി ബാധിച്ച് മരിച്ചു. 3,50,000 പേര്‍ക്ക് പനി ബാധിച്ചുവെന്നും ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നഗരങ്ങളും പ്രവിശ്യകളും അടക്കം രാജ്യം മുഴുവന്‍ ലോക്ഡൗണിലാണ്. രോഗികളുടെ എണ്ണം വര്‍ധിച്ചത് രാജ്യത്തെ ആരോഗ്യമേഖലയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
കൂടാതെ ഉത്തര കൊറിയയ്ക്കായി അനുവദിച്ച ഡോസുകളുടെ എണ്ണം കോവാക്‌സ് ഗ്ലോബല്‍ വാക്സിന്‍-ഷെയറിംഗ് പ്രോഗ്രാം വെട്ടിക്കുറച്ചതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. കയറ്റുമതി നടപടികള്‍ മുന്നോട്ട് നീക്കുന്നതില്‍ രാജ്യം പരാജയപ്പെട്ടതാണ് കാരണം. ചൈനയില്‍ നിന്നുള്ള വാക്‌സിന്‍ വാഗ്ദാനങ്ങളും രാജ്യം നിരസിച്ചിരുന്നു.
കൊറോണ വൈറസ് പരിശോധനകള്‍ നടത്തുന്നതിനായി കഴിഞ്ഞ വര്‍ഷം സ്വന്തമായി പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ (പിസിആര്‍) ഉപകരണങ്ങള്‍ വികസിപ്പിച്ചതായി ഉത്തര കൊറിയ പറഞ്ഞിരുന്നു. കുറച്ച് ടെസ്റ്റ് കിറ്റുകള്‍ വിതരണം ചെയ്തതായി റഷ്യയും പറഞ്ഞിരുന്നു.
ഡിസംബറില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ഗ്ലോബല്‍ ഹെല്‍ത്ത് സെക്യൂരിറ്റി ഇന്‍ഡക്സ് അനുസരിച്ച്, ഒരു പകര്‍ച്ചവ്യാധിയോട് അതിവേഗം പ്രതികരിക്കാനും ലഘൂകരിക്കാനുമുള്ള കഴിവിന്റെ കാര്യത്തില്‍ ഉത്തര കൊറിയ ലോകത്ത് അവസാന സ്ഥാനത്താണ്. ഉയര്‍ന്ന പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരും അത്യാഹിത സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാനാവശ്യമായ ജീവനക്കാരും ഉണ്ടെങ്കിലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഉത്തര കൊറിയയുടെ ആരോഗ്യ പരിപാലന സംവിധാനം ഇത്തരം മഹാമാരികളെ നേരിടാന്‍ പര്യാപ്തമല്ല. ആവശ്യത്തിന് വേദനസംഹാരികളും അണുനാശിനികളും പോലും രാജ്യത്ത് ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ ഏഴാമത്തെ ആണവപരീക്ഷണത്തിനു ഭരണാധികാരി കിം ജോങ് ഉന്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. രോഗവ്യാപനത്തില്‍ നിന്നും
ശ്രദ്ധ തിരിക്കുകയാണ് ഇതിലൂടെ കിം ലക്ഷ്യമിടുന്നതെന്നും നിരീക്ഷകര്‍ പറയുന്നു.