ദീർഘകാലമായി നിലനിൽക്കുന്ന അതിർത്തി തർക്കം ലഘൂകരിക്കുന്നതിന് പ്രവർത്തിക്കാൻ തയ്യാറായി ചൈനയും ഇന്ത്യയും. അഞ്ച് വർഷത്തിനിടെ ആദ്യമായാണ് രണ്ടു രാജ്യങ്ങളും അതിർത്തിവിഷയത്തിൽ ചർച്ചയ്ക്കു തയാറാകുന്നത്. ഔപചാരിക ഉന്നതതല സംഭാഷണം ബുധനാഴ്ചയോടെ പുനരാരംഭിച്ചതായാണ് വിവരം.
ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും ഇന്ത്യയുടെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ബുധനാഴ്ച ബീജിംഗിൽ കൂടിക്കാഴ്ച നടത്തി. 2019 നുശേഷം ആദ്യമായാണ് ഇവർ അതിർത്തിപ്രശ്നങ്ങളിൽ അവരുടെ രാജ്യങ്ങളുടെ പ്രത്യേക പ്രതിനിധികളായി ഔപചാരിക ചർച്ചകൾ നടത്തുന്നത്. അതിർത്തിയുടെ ചില ഭാഗങ്ങളിൽ സൈനികപിന്മാറ്റവും പട്രോളിംഗ് ക്രമീകരണങ്ങളും സംബന്ധിച്ച് ഒക്ടോബറിൽ ഇരുരാജ്യങ്ങളും ഉണ്ടാക്കിയ കരാറിനെത്തുടർന്നാണ് യോഗം.
അതിർത്തി തർക്കത്തിന് ന്യായവും യുക്തവുമായതും ഇരുപക്ഷത്തിനും സ്വീകാര്യവുമായ ഒരു പരിഹാര പാക്കേജ് തേടാനുള്ള പ്രതിജ്ഞാബദ്ധത വാംഗും ഡോവലും ആവർത്തിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പിൻവാങ്ങൽ കരാർ നടപ്പാക്കുന്നത് തുടരുമെന്ന് അവർ പ്രതിജ്ഞയെടുക്കുകയും ഉഭയകക്ഷി ബന്ധങ്ങളുടെ വികസനത്തെ ബാധിക്കുന്നത് ഒഴിവാക്കാൻ തർക്കം ശരിയായി കൈകാര്യം ചെയ്യണമെന്ന് ഊന്നിപ്പറയുകയും ചെയ്തു.
അതിർത്തിപ്രദേശങ്ങളിൽ സമാധാനവും ശാന്തിയും നിലനിർത്തുന്നതിനും ഉഭയകക്ഷി ബന്ധത്തിന്റെ ആരോഗ്യകരവും സുസ്ഥിരവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും നടപടികൾ തുടരാൻ ഇരുപക്ഷവും സമ്മതിച്ചതായും ചൈന പ്രസ്താവനയിൽ വ്യക്തമാക്കി.